ഹൈദരാബാദ്: കഴിഞ്ഞ സീസണിലെ അതേ സമീപനം തന്നെയാണ് തങ്ങള്‍ തുടരാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്ന പ്രകടനം പുറത്തെടുത്ത ഹൈദരാബാദിന് ഐപിഎല്ലില്‍ വിജയത്തുടക്കം. ഈ സീസണില്‍ മുംബയ് ഇന്ത്യന്‍സ് വിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ചേര്‍ന്ന ഇഷാന്‍ കിഷന്‍ 106*(47) തകര്‍പ്പന്‍ സെഞ്ച്വറിയുമായി കത്തിക്കയറി മത്സരത്തില്‍ 44 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരാബാദ് വിജയിച്ചത്. ഹെയ്ന്റിച്ച് ക്ലാസന്‍, ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും കത്തിക്കയറിയപ്പോള്‍ എസ്ആര്‍എതച്ച് അടിച്ച് കൂട്ടിയത് 20 ഓവറില്‍ 286 റണ്‍സ്.
സ്‌കോര്‍: ഹൈദരാബാദ്: 286-6 (20) | രാജസ്ഥാന്‍ 242-6 (20)
287 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് പൊരുതി നോക്കിയെങ്കിലും ജയം അകലെയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ 1(5), പകരക്കാരന്‍ നായകന്‍ റിയാന്‍ പരാഗ് 4(2), നിതീഷ് റാണ 11(8) എന്നിവര്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 4.1 ഓവറില്‍ 50ന് മൂന്ന് എന്ന നിലയിലായിരുന്നു. ഈ ഘട്ടത്തില്‍ ഇംപാക്ട് സബ് സഞ്ജു സാംസണ് 66(37) കൂട്ടായി എത്തിയത് ധ്രുവ് ജൂരെല്‍ 70(35). ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 59 പന്തുകളില്‍ നിന്ന് അടിച്ചെടുത്തത് 111 റണ്‍സായിരുന്നു.
മൂന്ന് പന്തുകളുടെ വ്യത്യാസത്തില്‍ ഇരുവരും പുറത്തായതോടെ രാജസ്ഥാന്‍ പരാജയം ഉറപ്പിച്ചു. ഷിംറോണ്‍ ഹെറ്റ്മയര്‍ 42(23), ശുഭം ദൂബെ 34*(11) എന്നിവര്‍ ചേര്‍ന്നാണ് പരാജയത്തിന്റെ ഭാരം കുറച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 67(31), അഭിഷേക് ശര്‍മ്മ 24(11) സഖ്യം നല്‍കിയത്. അഭിഷേക് പുറത്തായപ്പോള്‍ മൂന്നാമനായി എത്തിയ ഇഷാന്‍ കിഷന്റെ ബാറ്റില്‍ നിന്ന് പിറന്നത് 11 ഫോറും ആറ് സിക്‌സറുകളും. നിതീഷ് കുമാര്‍ റെഡ്ഡി 30(15), ക്ലാസന്‍ 34(14) എന്നിവരും അടിച്ച് തകര്‍ത്തതോടെയാണ് ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |