തിരുവനന്തപുരം: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന ഏജന്റുമാരുടെ സംഘം വീണ്ടും സജീവം. സംസ്ഥാനത്തിന് പുറത്തുള്ള കല്പിത സർവകലാശാലകളിലാണ് സീറ്റ് വാഗ്ദാനം. രണ്ടുലക്ഷം രൂപയാണ് ഒറ്റയടിക്ക് കൈക്കലാക്കുന്നത്. കല്പിത സർവകലാശാലകളിൽ രജിസ്ട്രേഷൻ സമയത്ത് രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണം. അഡ്മിഷൻ ലഭിച്ചാലും ഇല്ലെങ്കിലും നടപടികൾ പൂർത്തിയാകുമ്പോൾ ഇത് തിരികെ നൽകും. ഈ തുകയാണ് ഏജന്റുമാർ തട്ടിയെടുക്കുന്നത്.
തിരുവനന്തപുരം,ആലപ്പുഴ,എറണാകുളം ജില്ലകളിൽ പൊലീസിൽ പരാതികളെത്തി. ചേർത്തല കേന്ദ്രീകരിച്ചുള്ള സ്ഥാപനം നിരവധി പേരിൽ നിന്ന് പണം തട്ടിയതായും വിവരം ലഭിച്ചു. വിദേശത്തേക്കും റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനമാണിത്. നിയമക്കുരുക്കും നാണക്കേടും കാരണം പലരും പരാതിപ്പെടാൻ തയ്യാറാകാത്തതാണ് ഇത്തരക്കാർ മുതലെടുക്കുന്നത്.
പ്രവേശനം ഉറപ്പാക്കാൻ എന്നുപറഞ്ഞ് ഏജന്റുമാർ ഓപ്ഷൻ നൽകാനുള്ള ദൗത്യം ഏറ്റെടുക്കും. അവരുടെ അക്കൗണ്ടിൽ നിന്ന് രണ്ടുലക്ഷം അടയ്ക്കും. പിന്നാലെ,രക്ഷിതാക്കളിൽ നിന്ന് ഇത് വാങ്ങും. പണം തിരിച്ചെത്തുന്നത് ഏജന്റുമാരുടെ അക്കൗണ്ടിലാവും. ഒടുവിൽ രണ്ടുലക്ഷവും സർവീസ് ചാർജ് എന്ന പേരിൽ അവരെടുക്കും. സർവീസ് ചാർജ് എത്രയെന്ന് ചോദിച്ചാൽ തന്ത്രപൂർവം ഒഴിഞ്ഞുമാറും.
ഏജന്റുമാർ
തേടിയെത്തും
നീറ്റ് റാങ്കിൽ പിന്നിലാകുന്ന കുട്ടികളുടെ രക്ഷിതാക്കളെ തേടിഏജന്റുമാരെത്തും.സംസ്ഥാനത്ത് മാനേജ്മെന്റ് സീറ്റ് തരപ്പെടുത്താമെന്ന് പറയും. അത് നടക്കില്ല. എൻ.ആർ.ഐ സീറ്റ് ഉറപ്പാക്കാമെന്നാകും അടുത്ത പ്രലോഭനം. അതിന് ഓപ്ഷൻ നൽകിയിട്ടില്ലെങ്കിൽ കോടതിയിൽ കേസ് നടത്തി അനുമതി വാങ്ങാമെന്നാകും. കേസിനായി വലിയ തുക ആവശ്യപ്പെടും. അതും നടക്കില്ല. പിന്നാലെയാണ് അന്യസംസ്ഥാനങ്ങളിലെ കല്പിത സർവകലാശാലകളിലെ സീറ്റ് വാഗ്ദാനം.
മെഡിക്കൽ കല്പിത
സർവകലാശാലകൾ
കേരളം................................01
തമിഴ്നാട്...........................14
കർണാടകം.......................12
മഹാരാഷ്ട്ര.......................14
രാജ്യത്താകെ....................59
ആകെ സീറ്റ്.......................11,450
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |