തിരുവനന്തപുരം: സെർവർ തകരാർ പൂർണ്ണമായി പരിഹരിക്കാത്തതിനാൽ റവന്യു വകുപ്പിൽ ഈ വർഷത്തെ പൊതുസ്ഥലംമാറ്റം പകുതിവഴിയിൽ. ജീവനക്കാർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ല. എല്ലാ കേഡറിലുമായി മൂവായിരത്തോളം ജീവനക്കാർ അപേക്ഷിക്കാനുണ്ട്. തകരാർ പരിഹരിച്ചെന്നും ആയിരത്തിലധികം ജീവനക്കാർ അപേക്ഷ സമർപ്പിച്ചെന്നുമാണ് കഴിഞ്ഞ ദിവസം ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് ഓൺലൈൻ മീറ്റിംഗിൽ അവകാശപ്പെട്ടത്. പക്ഷേ,മിക്ക ജില്ലകളിലെയും ബഹുഭൂരിപക്ഷം ജീവനക്കാർക്കും അപേക്ഷിക്കാനായിട്ടില്ല.
റവന്യൂ സെർവറിന്റെ ശേഷിക്കുറവാണ് സൈറ്റ് നിശ്ചലമാവാൻ കാരണം. ഇക്കാര്യം ഐ.ടി സെല്ലിലുള്ളവർക്ക് അറിയാവുന്നതാണ്. സ്റ്റേറ്റ് ഡേറ്റാ സെന്ററിലേക്ക് (എസ്.ഡി.സി) മാറ്റിയാൽ പരിഹാരമാവുമെന്നാണ് ജീവനക്കാർ പറയുന്നത്.
അപേക്ഷ സ്വീകരിക്കൽ ജനുവരി 31ന് പൂർത്തിയാക്കേണ്ടതായിരുന്നു. അപേക്ഷകളുടെ അടിസ്ഥാനത്തിൽ കരട് പ്രസിദ്ധപ്പെടുത്തണം. വിയോജിപ്പ് അറിയിക്കാൻ 15 ദിവസത്തെ സാവകാശം നൽകണം. തുടർന്നുള്ള ഒരാഴ്ചകൊണ്ട് അതു പരിഹരിക്കണം. തൊട്ടടുത്ത ദിവസം അന്തിമ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണം. അന്നോ തുടർന്നുള്ള ദിവസങ്ങളിലോ സ്ഥലംമാറ്റം നടത്തണം.പക്ഷേ, കുറച്ചുവർഷങ്ങളായി ദീർഘകാലം കൊണ്ടാണ് ഈ പ്രക്രിയ പൂർത്തിയാവുന്നത്. ഐ.ടി സെല്ലിന്റെ വീഴ്ച കാരണം കഴിഞ്ഞ വർഷം ഒമ്പത് മാസം വൈകി. ഒക്ടോബറിലായിരിക്കും മിക്കവാറും തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്. വിജ്ഞാപനം വന്നാൽ പൊതു സ്ഥലംമാറ്റം നടക്കില്ല.
സ്ഥലംമാറ്റത്തിന്
അപേക്ഷിക്കുന്നവർ
സീനിയർ ക്ലാർക്ക്/സ്‌പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് ഓഫീസർ/റവന്യു ഇൻസ്‌പെക്ടർ/ഹെഡ് ക്ലാർക്ക്, ഡെപ്യൂട്ടി തഹസീൽദാർ/ജൂനിയർ സൂപ്രണ്ട്, തഹസീൽദാർ/സീനിയർ സൂപ്രണ്ട്,യു.ഡി ടൈപ്പിസ്റ്റ്/ സീനിയർഗ്രേഡ് ടൈപ്പിസ്റ്റ്,സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്,ഫെയർകോപ്പി സൂപ്രണ്ട് എന്നീ തസ്തികകളിലുള്ളവർക്കാണ് ഓൺലൈൻ സ്ഥലം മാറ്റം ലഭിക്കേണ്ടത്.
18,000
ആകെ ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |