കൊല്ലം: ചടയമംഗലത്തെ ബാർ പരിസരത്ത് ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കുത്തിക്കൊന്നു. വെട്ടുവഴി സുധീഷ് ഭവനിൽ സുധീഷാണ് (35) കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായ കുണ്ടറ വെള്ളിമൺ നാന്തിരിക്കൽ കാക്കോലിൽ വിള ഹൗസിൽ ജിബിനെ (44) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
സുധീഷിനൊപ്പം ഉണ്ടായിരുന്ന ചടയമംഗലം അക്കോണം ഷാൻ മൻസിലിൽ ഷാനവാസ് (30, ഷിനു), വെട്ടുവഴി സ്വദേശി അമ്പാടി അനിൽ (24) എന്നിവർക്ക് പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത്: ബാറിലെത്തിയ സംഘം ബൈക്ക് പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബാറിൽ പണി നടക്കുന്നതുകൊണ്ട് കോൺക്രീറ്റ് ചെയ്തഭാഗത്ത് വാഹനം പാർക്ക് ചെയ്യുന്നത് ജിബിൻ വിലക്കി. ഇതേച്ചൊല്ലി ഇരുകൂട്ടരും തർക്കമായി. തുടർന്ന് ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയ സംഘവും ജിബിനുമായി വീണ്ടും തർക്കമുണ്ടാവുകയും കൈയാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. ഈ സമയം ജിബിൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുധീഷിനെയും സുഹൃത്തുക്കളെയും ആക്രമിച്ചു.
ഗുരുതരമായി കുത്തേറ്റ സുധീഷിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാനവാസിന്റെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പാടി അനിലിൽ നിന്ന് വിവരം ശേഖരിച്ച പൊലീസ് സംഭവസ്ഥലത്തു നിന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. സി.സി ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു. പ്രതിയുമായി ഇന്നലെ തെളിവെടുപ്പ് പൂർത്തിയാക്കി. റിമാൻഡ് ചെയ്തു. സുധീഷിന്റെ മൃതദേഹം പൊലീസ് നടപടിക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. ഇന്ന് രാവിലെ 9 ഓടെ ചടയമംഗലം ജംഗ്ഷനിൽ പൊതുദർശനത്തിന് വച്ചശേഷം വീട്ടിലെത്തിക്കും. 11ന് സംസ്കരിക്കും. കൊല്ലപ്പെട്ട സുധീഷ് അവിവാഹിതനാണ്. കുഞ്ഞുപിള്ള-പ്രസന്നകുമാരി ദമ്പതികളുടെ മകനാണ്. സഹോദരി: അഞ്ജു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |