റോം: ഒരു മാസത്തിലേറെ നീണ്ട ചികിത്സക്കൊടുവിൽ ഫ്രാൻസിസ് മാർപാപ്പ (88) ആശുപത്രി വിട്ടു. ഇന്നലെ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങും മുമ്പ് അദ്ദേഹം ആശുപത്രി മുറിയിലെ ജനാല വഴി വിശ്വാസികളെ അഭിവാദ്യം ചെയ്തു. വീൽചെയറിലാണ് അദ്ദേഹത്തെ എത്തിച്ചത്. മൂവായിരത്തോളം പേരാണ് മാർപാപ്പയെ കാണാൻ തടിച്ചുകൂടിയത്. പൂക്കളും മാർപാപ്പയ്ക്ക് ആശംസകൾ അറിയിക്കുന്ന പോസ്റ്ററുകളുമായാണ് വിശ്വാസികൾ എത്തിയത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിവിശ്വാസികൾക്ക് നേരെ കൈവീശി മാർപാപ്പ പറഞ്ഞു. സഹായി നൽകിയ മൈക്കിലൂടെയാണ് മാർപാപ്പ സംസാരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നിലെത്തിയത്. ആശുപത്രിയിലെ ചാപ്പലിന്റെ അൾത്താരയ്ക്ക് മുന്നിൽ വീൽചെയറിൽ ഇരിക്കുന്ന മാർപാപ്പയുടെ ചിത്രം വത്തിക്കാൻ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ന്യുമോണിയ (ഡബിൾ ന്യുമോണിയ) സ്ഥിരീകരിച്ചു. ശ്വാസതടസം ആവർത്തിച്ചതും വെന്റിലേറ്റർ സഹായം വേണ്ടിവന്നതും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. അതിസങ്കീർണ അവസ്ഥയിലൂടെ കടന്നുപോയ മാർപാപ്പയുടെ തിരിച്ചുവരവിനായി ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം പ്രാർത്ഥനയിലായിരുന്നു.
രണ്ട് മാസം വിശ്രമം
മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രണ്ട് മാസം പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. കൂട്ടംചേരലുകളിൽ പങ്കെടുക്കുന്നതിനും സന്ദർശകരെ കാണുന്നതിനും കർശന നിയന്ത്രണമുണ്ട്. പ്രായാധിക്യം കണക്കിലെടുത്ത് ആരോഗ്യം പൂർണമായി വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരും. സംസാരിക്കാനും ബുദ്ധിമുട്ടുകളുണ്ടാകാം. ബ്രിട്ടനിലെ ചാൾസ് രാജാവ് ഏപ്രിൽ 8ന് മാർപാപ്പയെ സന്ദർശിക്കും. ഏപ്രിൽ 20ന് വത്തിക്കാനിലെ ഈസ്റ്റർ ആഘോഷങ്ങൾക്ക് അദ്ദേഹം നേതൃത്വം വഹിക്കുമെന്നും കരുതുന്നു.
ഗാസയിലെ ആക്രമണം നിറുത്തണം
ഗാസയിലെ ഇസ്രയേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് മാർപ്പാപ്പ. ഞായറാഴ്ച പ്രാർത്ഥനയുടെ ഭാഗമായി വത്തിക്കാൻ പ്രസിദ്ധീകരിച്ച മുൻകൂട്ടി തയ്യാറാക്കിയ സന്ദേശത്തിലാണ് പരാമർശം. ഗാസയിൽ ആക്രമണം പുനരാരംഭിച്ചതിൽ ദുഃഖിതനാണ്. ആക്രമണം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിക്കണം. ആയുധങ്ങൾ നിശബ്ദമാക്കപ്പെടണം. ഗാസയിലെ സാഹചര്യം വീണ്ടും ഗുരുതരമായെന്നും സന്ദേശത്തിൽ പറയുന്നു. ഗാസയ്ക്കും ഇസ്രയേലിനും പുറമേ യുക്രെയിൻ, മ്യാൻമർ, സുഡാൻ, ഡി.ആർ. കോംഗോ എന്നിവിടങ്ങളിലെ ദുരിതമനുഭവിക്കുന്നവർക്കായും അദ്ദേഹം പ്രാർത്ഥിച്ചു.
ആശുപത്രിയിൽ തുടരുന്നതിനിടെയിലും, സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ആഞ്ചലസ് പ്രാർത്ഥനയ്ക്ക് മുമ്പ് പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങളിലൂടെ മാർപാപ്പ സമാധാനത്തിനായി നിരന്തരം ആഹ്വാനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |