മീററ്റ്: രാജ്യത്തെ തന്നെ ഞെട്ടിച്ച ഉത്തർ പ്രദേശിലെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവ് സൗരഭ് രജ്പുത്തിനെ കൊല്ലുന്നതിന് മുന്നോടിയായി ലഹരിമരുന്ന് നൽകിയെന്ന് പൊലീസ് കണ്ടെത്തി. ഭാര്യ മുസ്‌കാൻ റസ്‌തോഗി മരുന്ന് കുറിപ്പടിയിൽ കൃത്രിമം കാണിച്ച് ഉറക്കഗുളികകൾ വാങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കുന്നതിന് മുൻപായിരുന്നു ഇത്.
കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് മുസ്‌കാൻ പ്രദേശത്തുള്ള ഒരു ഡോക്ടറെ സന്ദർശിച്ചിരുന്നു. തനിക്ക് ഉത്കണ്ഠ സംബന്ധമായ പ്രശ്നമുണ്ടെന്നും പറഞ്ഞു. ഇതോടെ ഉത്കണ്ഠയ്ക്കുള്ള മരുന്നിന്റെ കുറിപ്പടി മുസ്കാന് ലഭിച്ചു, പിന്നീട് നിർദ്ദേശിച്ച മരുന്നുകളെക്കുറിച്ച് ഗൂഗിളിൽ ഗവേഷണം നടത്തി. ഈ അറിവ് ഉപയോഗിച്ച്, മുസ്കാൻ മറ്റൊരു കുറിപ്പടി വാങ്ങി മരുന്നുകളുടെ പേരുകൾ എഴുതി വാങ്ങുകയായിരുന്നെന്ന് എസ്പി ആയുഷ് വിക്രം പറഞ്ഞു.
സൗരഭ് രജ്പുത്തിന്റെ പിറന്നാൾ ദിവസമായ ഫെബ്രുവരി 25ന് ലഹരി മരുന്ന് നൽകാൻ മസ്‌കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് സൗരഭ് മരുന്ന് കുടിച്ചില്ല. ഞായറാഴ്ച ഉത്തർപ്രദേശ് ഉദ്യോഗസ്ഥർ മീററ്റിലെ ഒരു മെഡിക്കൽ സ്റ്റോർ റെയ്ഡ് ചെയ്യുകയും മുസ്‌കാൻ ആന്റീഡിപ്രസന്റുകളും ഉറക്ക ഗുളികകളും ഉൾപ്പെടെ മൂന്ന് തരം മരുന്നുകൾ വാങ്ങിയതായി സ്ഥിരീകരിക്കുകയും ചെയ്തു. മാർച്ച് ഒന്നിന് അവർ മരുന്ന് വാങ്ങിയതായി മെഡിക്കൽ സ്റ്റോറിലെ രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നിരുന്നാലും, മാർച്ച് 4 ന് കൊല്ലപ്പെടുന്നതിന് മുമ്പ് ഈ മരുന്നുകളാണോ നൽകിയതെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |