77-ാം പിറന്നാൾ നിറവിലാണ് മലയാളത്തിന്റെ എവർഗ്രീൻ നായിക ഷീല. ഒരുകാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന താരറാണിയായിരുന്നു അവർ. മലയാളത്തിന്റെ ആദ്യകാല ലേഡി സൂപ്പർസ്റ്റാറായ ഷീല തന്റെ ജീവിതാനുഭവങ്ങൾ ഒരു മാദ്ധ്യമത്തോട് പങ്കുവച്ചത് ശ്രദ്ധനേടുകയാണ്. 25-ാം വയസിൽ തന്നെ വിൽപത്രം തയ്യാറാക്കിയതായി ഷീല വെളിപ്പെടുത്തി. 'ഞാൻ മരിച്ചാൽ എന്തുചെയ്യണമെന്ന് എഴുതിവച്ചിട്ടുണ്ട്. ഞാൻ ക്രിസ്‌ത്യാനിയാണെങ്കിലും എന്റെ മൃതദേഹം ദഹിപ്പിക്കണം. ചിതാഭസ്‌മം ഭാരതപ്പുഴയിൽ ഒഴുക്കണം എന്ന് വിൽപത്രത്തിൽ എഴുതിയിട്ടുണ്ട്'- ഷീല വ്യക്തമാക്കി.
നല്ലൊരു ദാമ്പത്യ ജീവിതം നയിക്കാൻ കഴിയാതെ പോയതിന്റെ വിഷമം പല അഭിമുഖങ്ങളിലും ഷീല പങ്കുവച്ചിട്ടുണ്ട്. തമിഴ് നടൻ രവിചന്ദ്രനായിരുന്നു ഷീലയുടെ ഭർത്താവ്. ഇവരുടെ മകനാണ് നടൻ കൂടിയായ വിഷ്ണു. ജെ ഡി തൊട്ടാന്റെ 'ഓമന' എന്ന ചിത്രത്തിലാണ് ഷീലയും രവിചന്ദ്രനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. തൊട്ടാന്റെ ഒരു ചോദ്യമാണ് വിവാഹത്തിലേയ്ക്ക് നയിച്ചതെന്ന് ഷീല വെളിപ്പെടുത്തിയിട്ടുണ്ട്.
'രവിചന്ദ്രൻ ഭാര്യയിൽ നിന്ന് വിവാഹമോചനം തേടുകയായിരുന്നു അപ്പോൾ. ആ ബന്ധത്തിൽ മൂന്ന് കുട്ടികളുണ്ട്. നിങ്ങളുടെ ഭാര്യ പോയി, ഷീല തനിച്ചാണ് നിങ്ങൾക്ക് പരസ്‌പരം വിവാഹം കഴിച്ചുകൂടെ എന്നായിരുന്നു തൊട്ടാന്റെ ചോദ്യം. സേതുമാധവനും എംഒ ജോസഫും നിർബന്ധിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. ഒരു മകനും ജനിച്ചു. പിന്നീട് അദ്ദേഹം എനിക്കൊപ്പം താമസിച്ചിരുന്നില്ല. കുറച്ചുനാളുകൾക്ക് ശേഷമാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന വിവരം അറിയുന്നത്. അതറിഞ്ഞ നിമിഷം ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് പറഞ്ഞു. അങ്ങനെ വിവാഹം കഴിഞ്ഞ് രണ്ടര കൊല്ലത്തിന് ശേഷം വേർപിരിഞ്ഞു. ഞാൻ എത്രയോ പേരുടെ കല്യാണം നടത്തിയിട്ടുണ്ട്. പക്ഷേ എന്റെ വിവാഹജീവിതം ശരിയായില്ല'- എന്നായിരുന്നു ഷീല ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |