വിദേശ രാജ്യങ്ങളിൽ ജയിലിൽ കിടക്കുന്ന നിരവധി ഇന്ത്യക്കാരുണ്ട്. ടെക്കിയായ അമിത് ഗുപ്ത അവരിലൊരാളാണ്. അമിത് കഴിഞ്ഞ മൂന്ന് മാസമായി ഖത്തറിൽ തടങ്കലിൽ കഴിയുകയാണ്. വിവരം ഖത്തറിലെ ഇന്ത്യൻ എംബസിക്ക് അറിയുകയും ചെയ്യാം. ജനുവരി ഒന്നിനാണ് അമിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആരാണ് ഈ അമിത് ഗുപ്ത? എന്താണ് അമിത് ചെയ്ത കുറ്റം?
ആരാണ് അമിത് ഗുപ്ത?
ടെക്ക് മഹീന്ദ്ര എന്ന ഇന്ത്യൻ ഐടി കമ്പനിയിലെ സീനിയർ ജീവനക്കാരനാണ് അമിത് ഗുപ്ത. ഗുജറാത്തിലെ വഡോദര സ്വദേശിയായ അമിത് 2013ലാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെത്തിയത്.
അമിത്തിന് കമ്പനിയിൽ 12 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഗുപ്ത ടെക് മഹീന്ദ്രയിൽ ഖത്തറിന്റെയും കുവൈറ്റിന്റെയും മേഖലാ തലവനായി ജോലി ചെയ്തുവരികയായിരുന്നു. കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങൾക്ക് അമിത് മേൽനോട്ടം വഹിച്ചു. ഈ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് കമ്പനിയിൽ സീനിയർ സെയിൽസ് മാനേജരായും ക്ലയിന്റ് പാർട്‌ണറായും പ്രവർത്തിച്ചു.
ടെക് മഹീന്ദ്രയിൽ ചേരുന്നതിന് മുമ്പ്, അമിത് ന്യൂക്ലിയസ് സോഫ്റ്റ്‌വെയർ എക്സ്‌പോർട്ടിൽ മൂന്ന് വർഷം ജോലി ചെയ്തിരുന്നു. കരിയറിന്റെ തുടക്കത്തിൽ ഇൻഫോസിസിൽ അസിസ്റ്റന്റ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
ജയ്‌പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബാച്ചിലർ ഒഫ് ടെക്‌നോളജി (ബി ടെക്) ഗുപ്ത നേടിയിട്ടുണ്ട്. പിന്നീട് ഡൽഹി ഐ എം ഐയിൽ നിന്ന് മാർക്കറ്റിംഗ് ആൻഡ് സിസ്റ്റംസിൽ മാസ്റ്റർ ഒഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എം ബി എ) പൂർത്തിയാക്കി.
തട്ടിക്കൊണ്ടുപോയെന്ന് മാതാപിതാക്കൾ
ജനുവരി ഒന്നിന് ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോൾ അജ്ഞാതർ മകനെ തട്ടിക്കൊണ്ടുപോയെന്നാണ് അമിത്തിന്റെ മാതാപിതാക്കൾ പറയുന്നത്. എന്തിനാണ് മകനെ തടങ്കലിൽ വച്ചിരിക്കുന്നതെന്ന് അവർക്കറിയില്ല. കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അധികൃതരിൽ നിന്നും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
Wrongfully Detained? Vadodara’s Amit Gupta Awaits Justice in Qatar
— Our Vadodara (@ourvadodara) March 22, 2025
Amit Gupta, Country Head at Tech Mahindra in Doha, Qatar, has been wrongfully detained for three months by Qatar’s State Security, leaving his family in deep distress.Despite his wife seeking help from the PMO,… pic.twitter.com/0Qv6jXtV6Y
കസ്റ്റഡിയിലെടുത്തതെന്തിന്
എന്ത് കുറ്റമാണ് അമിത് ഗുപ്ത ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഡാറ്റാ മോഷണം ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മകൻ നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ പിതാവ് പ്രതികരിച്ചു. ഖത്തറിലെ സ്റ്റേറ്റ് സെക്യൂറ്റിയാണ് അമിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാര്യയും വൃദ്ധരായ മാതാപിതാക്കളും അമിത്തിനെ മോചിപ്പിക്കാൻ തീവ്രശ്രമം നടത്തിവരികയാണ്. തന്റെ മകനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതാണെന്നും മകനെ കസ്റ്റഡിയിലെടുത്ത് 48 മണിക്കൂർ ഭക്ഷണമോ വെള്ളമോ നൽകാതെ തടഞ്ഞുവച്ചതായും അമിത്തിന്റെ മാതാവ് ആരോപിച്ചു.
എന്തിനാണ് ഗുപ്തയെ കസ്റ്റഡിയിലെടുത്തതെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ, 'കമ്പനിയിലെ ആരോ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാളായതിനാലാകാം അമിത്തിനെ അറസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു.
എല്ലാ ബുധനാഴ്ചയും അഞ്ച് മിനിട്ട് മകനുമായി ഫോണിൽ സംസാരിക്കാൻ കഴിയുന്നുണ്ട്. അവനെ ബന്ധപ്പെടാനുള്ള ഏകമാർഗം അതുമാത്രമാണെന്നും അവർ വ്യക്തമാക്കി. 'ഞങ്ങൾ അടുത്തിടെ ദോഹയിൽ പോയി ഒരു മാസം താമസിച്ചു. ഇന്ത്യൻ അംബാസഡറുടെ ഇടപെടലിനുശേഷം അമിത്തിനെ കാണാൻ അര മണിക്കൂർ സമയം അനുവദിച്ചു. അവിട എന്താണ് അനുഭവിക്കുന്നതെന്ന് അവൻ ഞങ്ങളോട് പറഞ്ഞു.'- അമിത്തിന്റെ മാതാവ് വ്യക്തമാക്കി.
കമ്പനിയുടെ പ്രതികരണം
അമിത് ഗുപ്തയുടെ കുടുംബത്തെ കമ്പനി പിന്തുണയ്ക്കുന്നുണ്ടെന്നും അവരുമായി ഇടയ്ക്കിടെ സംസാരിക്കുന്നുണ്ടെന്നും ടെക് മഹീന്ദ്ര വക്താവ് പറഞ്ഞു. സഹപ്രവർത്തകന്റെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |