കൊച്ചി: മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് ഗോവൻ യുവതിക്ക് ഗുരുതര പരിക്ക്. തലയ്‌ക്കും കാലിനും പരിക്കേറ്റ ജെയ്‌സൽ ഗോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കും. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന ചാലക്കുടി സ്വദേശിയായ യാസിറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു.
തിരക്കേറിയ എസ്‌എ റോഡിലാണ് യുവാവ് മദ്യലഹരിയിൽ പട്ടാപ്പകൽ ചേസിംഗ് നടത്തിയത്. അമിതവേഗതയിലെത്തിയ കാർ ജെയ്‌സലിനെ ഇടിച്ചിടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പള്ളിമുക്ക് ജംഗ്‌ഷനിലെ സിഗ്നലിൽ വച്ച് ഒരു ബൈക്ക് യാത്രികനുമായി സൈഡ് നൽകിയില്ലെന്നതിന്റെ പേരിൽ നടന്ന തർക്കമാണ് അപകടകരമായ ചേസിംഗിലേക്ക് എത്തിയത്.
പള്ളിമുക്ക് മുതൽ കടവന്ത്ര മെട്രോ സ്റ്റേഷൻ വരെയുള്ള ഒന്നര കിലോമീറ്റർ റോഡിലൂടെ ബൈക്കിനെ അതിവേഗത്തിലാണ് യാസിർ കാറിൽ പിന്തുടർന്നത്. എസ്‌എ റോഡിൽ വച്ച് ബൈക്കിനെ ഇടിക്കാൻ യാസിർ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ മെട്രോ സ്റ്റേഷന് സമീപത്തുള്ള പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഭർത്താവ് എസ്‌തേവാമുമൊത്ത് നടന്ന് വന്നിരുന്ന ജെയ്‌സൽ വണ്ടിക്കും കൈവരിക്കുമിടയിൽ പെട്ടുപോയി. കൊച്ചിയിൽ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു ദമ്പതികൾ. ഇരുവരും ഇന്നലെ രാത്രി ഗോവയിലേക്ക് തിരിച്ച് പോകാനിരിക്കെയായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |