ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ സജീവമാകുകയാണ് നടി ഭാവന. 12 വർഷത്തിന് ശേഷം തമിഴിലേക്കും തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന. സഹോദരൻ ജയ്ദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡോർ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തമിഴിലേക്കുള്ള രണ്ടാംവരവ്. ചിത്രം നിർമ്മിക്കുന്നത് നടിയുടെ ഭർത്താവായ നവീൻ രാജനാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഭാവന ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചും കേസ് നൽകിയതിനെ കുറിച്ചും വ്യക്തമാക്കുകയാണ് താരം
സംഭവിച്ചതിന് താൻ ഒരുതരത്തിലും ഉത്തരവാദിയല്ലെന്ന ഉറച്ച വിശ്വാസമാണ് കേസുമായി മുന്നോട്ടു പോകാനുള്ള ശക്തിയായതെന്ന് ഭാവന പറഞ്ഞു. പ്രൊഫഷണൽ ജീവിതത്തിലെ തിരിച്ചടികൾ ഉൾപ്പെടെ വരാനിരിക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കി തന്നെയാണ് നിയമനടപടികളുമായി മുന്നോട്ടു പോയത്. എന്നാൽ തന്റെ പ്രവൃത്തികളെ ഒരു വലിയ നേട്ടമായി കാണുന്നില്ലെന്നും അനീതിക്കെതിരെ വെളിച്ചം വീശേണ്ട അനിവാര്യതയായി മാത്രമാണ് അതിനെ താണുന്നതെന്നും അവർ പറഞ്ഞു.
ഞാൻ ഒരു തെറ്റും ചെയ്തില്ല എന്നാണ് ആദ്യം എന്റെ മനസിലേക്ക് എത്തിയത്. അതു കൊണ്ടു യാതൊരു മടിയുമില്ലാതെ ഞാൻ പരാതി രജിസ്റ്റർ ചെയ്തു. ആ നിമിഷം അധികം ആലോചിച്ചില്ല. ശരിയെന്ന് തോന്നിയത് ചെയ്തു. പിന്നീട് അത് വലിയ വിഷയമായി മാറി. ഞാൻ എന്തോ മഹത്തായ കാര്യം ചെയ്തുവെന്ന് കരുതുന്നില്ല. ശരിയെന്ന് തോന്നുന്നത് ചെയ്യാൻ് അല്ലെങ്കിൽ പറയാൻ നമ്മൾ എന്താണ് ഭയപ്പെടുന്നതെന്ന് ഭാവന ചോദിച്ചു. ഞാൻ മിണ്ടാതിരുന്നാലും വർഷങ്ങൾക്ക് ശേഷം ഇത് പുറത്തുവന്നാൽ ആളുകൾ ചോദിക്കും, നീ എന്തിനാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. അതുകൊണ്ട് ഞാൻ ഉടനടി പരാതി നൽകിയെന്നും ഭാവന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |