ആലപ്പുഴ: കുഞ്ഞുങ്ങൾക്കെതിരെയുള്ള ക്രൂരതകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത, അങ്കണവാടികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് വിലങ്ങുതടിയായി സാമ്പത്തിക പ്രതിസന്ധി.
അങ്കണവാടിയിലെ കുട്ടികളെ സ്വന്തം മൊബൈൽ ഫോണിൽ മാതാപിതാക്കൾക്ക് കാണാൻ കഴുയുന്ന തരത്തിൽ വിഭാവനം ചെയ്ത്, വനിതാ ശിശു വികസന വകുപ്പിന്റെ അംഗീകാരം ലഭിച്ച പദ്ധതിക്കാണ് തുടക്കത്തിലേ തിരിച്ചടിയായത്.
പദ്ധതിക്കുള്ള ഫണ്ട് തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, അമ്പത് ശതമാനം വകുപ്പ് നൽകിയാൽ പദ്ധതി നടപ്പാക്കാമെന്ന് വിവിധ തദ്ദേശസ്ഥാപനങ്ങൾ നിർദ്ദേശം വച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച ശുപാർശ സർക്കാർ അംഗീകരിച്ചാൽ അടുത്ത അദ്ധ്യയന വർഷത്തിലെങ്കിലും പദ്ധതി യാഥാർത്ഥ്യമാകും. ആലപ്പുഴ സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ ചന്ദ്രദാസ കേശവപിള്ളയാണ് പദ്ധതി ആശയം അധികൃതരുടെ ശ്രദ്ധയിൽക്കൊണ്ടുവന്നത്.
അങ്കണവാടികൾക്ക് പുറമേ പ്രീ കെ.ജി ക്ലാസുകൾ ഉൾപ്പെടുന്ന കിഡ്സ് സെന്ററുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് ഡറക്ടർക്ക് സമർപ്പിച്ചിരുന്നു. വനിതാ ശിശുവികസന വകുപ്പ് പദ്ധതി അംഗീകരിച്ചെങ്കിലും, വിദ്യാഭ്യാസ വകുപ്പിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
കൈമലർത്തി തദ്ദേശസ്ഥാപനങ്ങൾ
അമ്പത് ശതമാനം വകുപ്പ് നൽകിയാൽ പദ്ധതി നടപ്പാക്കാമെന്ന് വിവിധ തദ്ദേശസ്ഥാപനങ്ങൾ
അങ്കണവാടിയിൽ ഉണ്ടാകുന്ന സംഭവങ്ങളും രക്ഷിതാക്കളെ ആശങ്കാകുലരാക്കുന്നുണ്ട്
പിണറായിയിലെ അങ്കണവാടിയിൽ സംസാരവൈകല്യമുള്ള കുട്ടിക്ക് ചൂടുപാൽ നൽകി
തിരുവനന്തപുരം മാറനല്ലൂരിൽ മൂന്ന് വയസുകാരൻ അങ്കണവാടിയിൽ വീണ് ഗുരുതരമായി പരുക്കേറ്റു
കേരളത്തിലെ
അങ്കണവാടികൾ: 33210
ക്യാമറ വാങ്ങുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഘട്ടങ്ങളായി അവ സ്ഥാപിക്കുമെന്നാണ് അറിയുന്നത്
- ചന്ദ്രദാസ് കേശവപിള്ള, സാമൂഹ്യപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |