തൃപ്രയാർ: സി.പി.ഐ നേതാവിനെ വലപ്പാട് പൊലീസ് ഇൻസ്‌പെക്ടർ മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ സി.പി.ഐ നാട്ടിക ലോക്കൽ അസി. സെക്രട്ടറി ബിജു കുയിലംപറമ്പിലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബിജുവിന്റെ സുഹൃത്ത് നാട്ടികയിൽ നടത്തിവരുന്ന പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ ഏതാനും പേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ ബിജു മർദ്ദിച്ചതായി കാട്ടി വലപ്പാട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബിജുവിനെയും പണമിടപാട് സ്ഥാപന ഉടമയെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിച്ചു വരുത്തി പ്രകോപനമില്ലാതെ ഇൻസ്‌പെക്ടർ എം.കെ.രമേശ് നെഞ്ചത്ത് ആഞ്ഞടിച്ചെന്നാണ് പരാതി. അവശനായി വീണ ബിജുവിനെ പൊലീസുകാർ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ മന്ത്രി വി.എസ്.സുനിൽകുമാർ അടക്കം നിരവധി പേർ ബിജുവിനെ ആശുപത്രിയിൽ സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റി വലപ്പാട് സ്റ്റേഷനിലേക്ക് ഇന്ന് വൈകീട്ട് 4ന് മാർച്ച് നടത്തും. അതേസമയം ബിജുവിനെ മർദ്ദിച്ചിട്ടില്ലെന്ന് വലപ്പാട് എസ്.എച്ച്.ഒ എം.കെ.രമേശ് പറഞ്ഞു. മുക്കുപണ്ട കേസിൽ പ്രതിയായിരുന്ന ഓട്ടോ ഡ്രൈവറുടെ പരാതിയിൽ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. അതിനിടെ ബിജു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |