ഒറ്റ വിക്കറ്റിന് ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്
ഡൽഹിക്ക് വിജയമൊരുക്കിയത് അശുതോഷ് ശർമ്മ
ലക്നൗ സൂപ്പർ ജയന്റ്സ് 209/8, ഡൽഹി 211/9
മിച്ചൽ മാർഷ് 72, നിക്കോളാസ് പുരാൻ 75
വിശാഖപട്ടണം : അവസാനസമയത്ത് ആഞ്ഞടിച്ച ഡൽഹിയുടെ അശുതോഷ് ശർമ്മയ്ക്ക് മുന്നിൽ വീണ് നിർഭാഗ്യവാന്മാരായ ലക്നൗ സൂപ്പർ ജയന്റ്സ്. ഇന്നലെ ലക്നൗ ഉയർത്തിയ 210 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഡൽഹി ഒരുഘട്ടത്തിൽ 113/6 എന്ന നിലയിലായിരുന്നു.എന്നാൽ വിപ്രാജ് നിഗവും(15 പന്തിൽ 39) അശുതോഷ് ശർമ്മയും (31പന്തിൽ പുറത്താകാതെ 66) ചേർന്ന് ഡൽഹിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. വിപ്രാജിന് പിന്നാലെ വിക്കറ്റുകൾ കൊഴിഞ്ഞിട്ടും 11-ാമൻ മോഹിത് ശർമ്മയെ കൂട്ടുനിറുത്തി 19.3-ാം ഓവറിൽ സിക്സടിച്ച് അശുതോഷ് ഡൽഹിയെ വിജയിപ്പിക്കുകയായിരുന്നു.
ഇന്നലെ വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് നേടിയത്. അർദ്ധസെഞ്ച്വറികൾ നേടിയ മിച്ചൽ മാർഷും (36പന്തുകളിൽ 6വീതം ഫോറും സിക്സുമടക്കം 72 റൺസ്), നിക്കോളാസ് പുരാനും (30 പന്തിൽ 6 ഫോറും 7 സിക്സുമടക്കം 75 റൺസ് ) ചേർന്നാണ് ലക്നൗവിനെ 200 കടത്തിയത്. എയ്ഡൻ മാർക്രം (15) അഞ്ചാം ഓവറിൽ പുറത്തായശേഷം ക്രീസിൽ ഒരുമിച്ച മാർഷും പുരാനും ചേർന്ന് രണ്ടാം വിക്കറ്റിൽ 87 റൺസാണ് കൂട്ടിച്ചേർത്തത്. ലക്നൗ 27കോടിക്ക് വാങ്ങിയ നായകൻ റിഷഭ് പന്ത് ഡക്കായപ്പോൾ ഡേവിഡ് മില്ലർ പുറത്താകാതെ 27 റൺസ് നേടി.
ഇന്നത്തെ മത്സരം
ഗുജറാത്ത് Vs പഞ്ചാബ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |