ഢാക്ക: മത്സരത്തിനിടെ ഹൃദയാഘാതം ഉണ്ടായ ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്ടൻ തമീം ഇഖ്ബാലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിച്ചു. ഢാക്ക പ്രീമിയർ ലീഗിൽ ഷൈൻപുകുർ ക്രിക്കറ്റ് ക്ലബ്ബും മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് അസുഖമുണ്ടായത്. മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് 36-കാരനായ തമീം.മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട തമീമിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം തമീമിന്റെ ആവശ്യപ്രകാരം കളിക്കളത്തിലേക്ക് മടങ്ങിയെങ്കിലും ആംബുലൻസിൽവെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടു. ഇതോടെ ആശുപത്രിയിൽ തിരിച്ചെത്തിച്ചു. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നറിയുന്നു.
ഈ വർഷം ജനുവരിയിൽ തമീം രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. 2023 ജൂലൈയിൽ വികാരഭരിതമായ ഒരു പത്രസമ്മേളനത്തിനിടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ തീരുമാനം മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |