ഇന്ത്യൻ ഓപ്പൺ 400 മീറ്ററിൽ മനു ടി.എസിന് സ്വർണം
തിരുവനന്തപുരം : കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ ഇന്നലെ നടന്ന ഇന്ത്യൻ ഓപ്പൺ 400 മീറ്റർ പുരുഷ വിഭാഗം എ റേസിൽ സ്വർണം നേടി മലയാളിതാരം മനു ടി.എസ്. 46.51 സെക്കൻഡിലാണ് മനു ഫിനിഷ് ചെയ്തത്. 46.93 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഡൽഹിയുടെ ജയ് കുമാർ വെള്ളിയും 47 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഡൽഹിയുടെ തന്നെ തുഷാർ മന്ന വെങ്കലവും നേടി. 47.29 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഹരിയാനയുടെ മോഹിത് കുമാറിനാണ് 400 മീറ്റർ ബി റേസിൽ സ്വർണം. കേരളത്തിന്റെ പി.എ ജാബിർ 47.33 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. അണ്ടർ 20 പുരുഷ വിഭാഗത്തിൽ തമിഴ്നാടിന്റെ ശരണും അണ്ടർ 18 പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ മുഹമ്മദ് അഷ്ഫഖും സ്വർണം നേടി. 47.49 സെക്കൻഡിലാണ് അഷ്ഫഖ് ഓടിയെത്തിയത്.
വനിതകളുടെ സീനിയർ വിഭാഗത്തിൽ ഉത്തർപ്രദേശിന്റെ രുപാൽ ചൗധരിക്കാണ് സ്വർണം. രണ്ട് വർഷം മുമ്പ് ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന രുപാൽ പരിക്കിന് ശേഷം തിരിച്ചെത്തി 52.41 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്നലെ സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ് വെങ്കലമെഡൽ ജേതാവായ തമിഴ്നാടിന്റെ വിദ്യ രാംരാജ് വെള്ളിയിലൊതുങ്ങിയപ്പോൾ കേരളത്തിന്റെ കെ.സ്നേഹയ്ക്ക് വെങ്കലം ലഭിച്ചു. അണ്ടർ 20 വനിതകളിൽ കേരളത്തിന്റെ സാന്ദ്രമോൾ സാബുവിന് വെള്ളി നേടാനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |