ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ രാജ്യത്തെ 10 പ്രധാന ടോൾപ്ലാസകളിലെ പിരിവ് 14,000 കോടി രൂപ. 2019 മുതൽ 2024 വരെയുള്ള കണക്ക് ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ലോക്‌സഭയിൽ വച്ചത്.
എൻ.എച്ച് 48 കടന്നുപോകുന്ന ഗുജറാത്തിലെ വഡോദര - ബറൂച്ച് ഭാഗത്തെ ഭർത്തനയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ടോൾ പിരിച്ച ടോൾപ്ലാസ. 2,043.81 കോടിയാണ് ഇവിടത്തെ കളക്ഷൻ.
രാജസ്ഥാനിലെ ഷാജഹാൻപുർ ടോൾ പ്ലാസയാണ് കളക്ഷനിൽ രണ്ടാമത്. എൻ.എച്ച് 48ലെ കോട്പുട്‌ലി - ജയ്പൂർ സ്‌ട്രെച്ചിലാണിത്. അഞ്ച് വർഷത്തിനിടെ 1,884.46 കോടി രൂപയാണ് ഇവിടെ പിരിച്ചെടുത്തത്. പശ്ചിമ ബംഗാളിലെ ജലദുലഗോരിയാണ് മൂന്നാം സ്ഥാനത്ത്. 1,538.91 കോടി ലഭിച്ചു. എൻ.എച്ച് 16ലെ ധൻകുനി - ഖരഗ്പുർ പാതയിലാണിത്.
ഉത്തർപ്രദേശിലെ ബരാജുർ ടോൾപ്ലാസയാണ് നാലാമത്. 1,480.75 കോടി രൂപയാണ് പിരിച്ചെടുത്തത്. എൻ.എച്ച് 19ലെ ഇറ്റാവ - ചകേരി ഭാഗത്താണ് പ്ലാസ. ശ്രീനഗർ- കന്യാകുമാരി ഹൈവേയായ എൻ.എച്ച് 44ലെ പാനിപ്പത്ത് - ജലന്ധർ സെക്ഷനിലെ ഗരോണ്ട പ്ലാസ 1,314.37 കോടി പിരിച്ച് അഞ്ചാം സ്ഥാനത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |