ടെൽ അവീവ്: ഗാസയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മുതിർന്ന ഹമാസ് നേതാവിനെയും സഹായിയേയും വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ. പ്രാദേശിക സമയം, ഞായറാഴ്ച വൈകിട്ട് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയിലായിരുന്നു സംഭവം.
ഹമാസിന്റെ ധനകാര്യ വിഭാഗം മേധാവി ഇസ്‌മയിൽ ബർഹൂം ആണ് കൊല്ലപ്പെട്ടത്. നാല് ദിവസം മുന്നേയുണ്ടായ ഇസ്രയേൽ ആക്രമണത്തിനിടെ സംഭവിച്ച പരിക്കിന് ചികിത്സയിൽ തുടരുകയായിരുന്നു ഇയാൾ. ആശുപത്രിയുടെ സർജറി വിഭാഗത്തെയാണ് ഇസ്രയേൽ ലക്ഷ്യമാക്കിയത്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ആരോഗ്യ പ്രവർത്തകർ അടക്കം മറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും ഹമാസ് പറയുന്നു. കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പ്രതികരിച്ചു.
അതേ സമയം, ഈ മാസം 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതു മുതൽ ഗാസയിൽ 730 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 24 മണിക്കൂറിനിടെ 65 പേർ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയത് മുതൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 50,080 കടന്നു. വെടിനിറുത്തൽ കരാറിന്റെ തുടർച്ചയിൽ ധാരണയിലെത്താത്ത പശ്ചാത്തലത്തിലാണ് രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചത്.
ഇസ്രയേലിൽ ആക്രമണം
വടക്കൻ ഇസ്രയേലിലെ ഹൈഫയിലുണ്ടായ ഭീകരാക്രമണത്തിൽ 75കാരൻ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ ഒരു ബസ് സ്റ്റോപ്പിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അക്രമി, മുന്നിലുണ്ടായിരുന്നവരെ കത്തി കൊണ്ട് കുത്തുകയും വെടിവയ്ക്കുകയും ചെയ്തു. ഇയാളെ പൊലീസ് വെടിവച്ചു കൊന്നു.
വെടിനിറുത്തൽ നിർദ്ദേശവുമായി ഈജിപ്റ്റ്
ഗാസയിൽ വെടിനിറുത്തൽ പുനഃസ്ഥാപിക്കാൻ ഈജിപ്റ്റ് പുതിയ നിർദ്ദേശം മുന്നോട്ടുവച്ചു. ഹമാസ് ആഴ്ചയിൽ അഞ്ച് ബന്ദികളെ വീതം വിട്ടയയ്ക്കണം. ഒന്നാം ആഴ്ചയ്ക്ക് ശേഷം, ജനുവരിയിൽ ധാരണയിലെത്തിയ വെടിനിറുത്തൽ കരാറിന്റെ രണ്ടാം ഘട്ടം ഇസ്രയേൽ നടപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ഹമാസ് അനുകൂലമാണെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഗാസയിൽ നിന്നുള്ള ഇസ്രയേലിന്റെ പൂർണ പിന്മാറ്റം ഉൾക്കൊള്ളുന്നതാണ് രണ്ടാം ഘട്ടം. പിന്മാറ്റത്തിന് ഇപ്പോൾ തയ്യാറല്ലെന്നാണ് ഇസ്രയേലിന്റെ പക്ഷം. 59 ബന്ദികൾ ഗാസയിലുണ്ടെന്ന് കരുതുന്നു. ഇതിൽ 24 പേർ മാത്രമാണ് ജീവനോടെയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |