ഉദുമ: രണ്ട് മലയാളികൾ അടക്കം പത്ത് കപ്പൽ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി വിവരം. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. കാസർകോട് കോട്ടിക്കുളം ഗോപാൽപേട്ട സ്വദേശി രജീന്ദ്രൻ ഭാർഗവൻ (35) ആണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയവരിലെ ഒരു മലയാളി. രണ്ടാമത്തെയാളെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. കാണാതായവരിൽ മൂന്നുപേർ വിദേശികളാണ്.
മാർച്ച് 17ന് രാത്രി 11.30നാണ് രജീന്ദ്രനെ അവസാനമായി ബന്ധുക്കൾ ബന്ധപ്പെട്ടത്. അതിനുശേഷം രജീന്ദ്രനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.
പനാമ രജിസ്ട്രേഷനുള്ള 'വിറ്റൂ റിവർ' കമ്പനിയുടെ കപ്പലിലെ ജീവനക്കാരെയാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മെരി ടെക് ടാങ്കർ' മാനേജ്‌മെന്റാണ് ചരക്ക് കടത്തലുകൾ നടത്തുന്നത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരിൽ പത്തുപേരെ തട്ടിക്കൊണ്ടുപോയതിനുശേഷം കപ്പൽ ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം. മാർച്ച് 18ന് വിറ്റൂ റിവർ കമ്പനി രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് കമ്പനി അറിയിച്ചതെന്ന് ബന്ധു പറഞ്ഞു. കപ്പലിൽ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി ബന്ധപ്പെടുന്നുണ്ട്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കമ്പനി വീട്ടുകാർക്ക് വിവരം നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |