തിരുവനന്തപുരം: ലഹരി ഉപയോഗം വിലക്കിയതിന് മകനും പെൺസുഹൃത്തും ചേർന്ന് അമ്മയെ ക്രൂരമായി മർദിച്ചു. തിരുവനന്തപുരം പാലോടാണ് സംഭവം. വിതുര മേമല സ്വദേശിയായ 57കാരി മേഴ്‌സിയെയാണ് മകനും പെൺസുഹൃത്തും ചേർന്ന് ആക്രമിച്ചത്. പ്രതികളായ അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ലഹരി ഉപയോഗം ചോദ്യം ചെയ്‌തതോടെ അനൂപും സംഗീതയും മെഴ്‌സിയെ റോഡിലേക്ക് വലിച്ചിഴച്ച് മർദിച്ചു. ശേഷം വസ്‌ത്രങ്ങൾ വലിച്ചുകീറുകയും ചെയ്‌തു. നാട്ടുകാരുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. നാട്ടുകാർ ഉടൻതന്നെ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ വിതുര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്‌തു.
ദിവസങ്ങൾക്ക് മുമ്പാണ് വെൽഡിംഗ് തൊഴിലാളിയായ അനൂപിനൊപ്പം സംഗീത താമസിക്കാൻ തുടങ്ങിയത്. ഇരുവരും വീട്ടിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് പതിവാണെന്നാണ് മേഴ്‌സി പൊലീസിന് നൽകിയ മൊഴി. പ്രതികളെ പിടികൂടി നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |