2023 മേയ് മാസത്തിലാണ് ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി ഡോക്ടറെ കുത്തിവീഴ്ത്തുകയായിരുന്നു. ഈ സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.
എന്നാൽ വനന്ദന കൊല്ലപ്പെട്ടതിന് ശേഷവും പല ആശുപത്രികളിലും ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമങ്ങളുണ്ടായി. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം കല്ലറ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡോക്‌ടർമാരുടെ സുരക്ഷയടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഐ എം എ സംസ്ഥാന പ്രസിഡന്റ് ശ്രീവിലാസൻ കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
ഡോക്ടർമാർക്കെതിരെയുള്ള അതിക്രമം
ആശുപത്രിയിലെ ഇത്തരം അതിക്രമങ്ങൾ ഇല്ലാതാക്കാൻ സർക്കാരാണ് ശ്രദ്ധിക്കേണ്ടത്. ഡോക്ടർമാരെയോ നഴ്സുമാരെയോ മാത്രമല്ല ആശുപത്രിയിലെ മൊത്തം ജീവനക്കാരെയും സംരക്ഷിക്കാൻ നിയമമുണ്ട്. ജാമ്യമില്ലാ വകുപ്പാണത്. സമരം ചെയ്ത് നേടിയതാണ്.
2012ലെ ആശുപത്രി സംരക്ഷണ നിയമത്തിൽ കുറച്ചുകൂടി കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ സാധിച്ചത് വന്ദനാദാസിന്റെ മരണത്തിന് പിന്നാലെയുണ്ടായ സമരത്തിന് ശേഷമാണ്. ഏഴ് വർഷം വരെ കഠിനതടവ് കിട്ടാവുന്ന ചില വകുപ്പുകൾ അതിലുണ്ട്.
വടകര, കാസർകോട് ആശുപത്രികളിലൊക്കെ അതിക്രമമുണ്ടായപ്പോൾ ഐഎംഎ കേസെടുപ്പിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. കല്ലറയിൽ ഡോക്ടർക്കെതിരെ ആക്രമണമുണ്ടായപ്പോഴും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തു.
'എന്നെന്നും നിങ്ങൾക്കൊപ്പം'
എന്നെന്നും നിങ്ങൾക്കൊപ്പം എന്നതാണ് ഐ എം എയുടെ ഈ വർഷത്തെ മുദ്രാവാക്യം. അതായത് ഡോക്ടർമാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നും ഉണ്ടായിരിക്കും എന്നാണ് ഉദ്ദേശിക്കുന്നത്.
സർക്കാർ സമീപനം
പൊതുവെ നല്ല രീതിയിലുള്ള സമീപനമാണ് സർക്കാരിന്റേത്. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സർക്കാരുമായി ചർച്ച ചെയ്യാറുണ്ട്. സർക്കാരിന്റെ എല്ലാ പരിപാടികളിലും ഞങ്ങൾ സഹകരിക്കാറുണ്ട്. കഴിഞ്ഞ ദിവസം ലോക ടിബി ദിനമായിരുന്നു. കേരളത്തിൽ 108 ബ്രാഞ്ചുകളിൽ പൊതുജനങ്ങളുമായി കൂടിച്ചേർന്ന് സംവാദമൊക്കെ നടത്തി.
എന്നെന്നും നിങ്ങൾക്കൊപ്പം യാത്ര
ഡോക്ടർ - രോഗീ ബന്ധം ശക്തമാക്കാനും അക്രമങ്ങൾ തടയുന്നതും ലക്ഷ്യമിട്ടാണ് എന്നെന്നും നിങ്ങൾക്കൊപ്പം യാത്ര സംഘടിപ്പിച്ചത്. വളരെ നല്ല സ്വീകരണമായിരുന്നു എല്ലായിടത്തും ഉണ്ടായിരുന്നത്.
എങ്കിലും ഇരുപത്തിനാല് മണിക്കൂറിലധികം ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥ പല ഡോക്ടർമാർക്കും ഉണ്ടായിട്ടുണ്ടെന്ന് മനസിലായി. അങ്ങനെ ഡ്യൂട്ടിയെടുക്കുമ്പോൾ കോൺസൻട്രേഷൻ കുറയാൻ സാദ്ധ്യതയുണ്ട്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ഡോക്ടർമാർക്കും സമയാസമയങ്ങളിൽ സ്‌റ്റൈപെൻഡ് ലഭിക്കണം. ചില സമയങ്ങളിൽ ഇത് വൈകുന്നതായി അറിഞ്ഞു.
വീട്ടിലെ പ്രസവം
വീട്ടിലെ പ്രസവം അടക്കമുള്ള സ്വയം ചികിത്സാരീതികൾ ഒഴിവാക്കാൻ പരമാവധി ബോധവത്കരണം നൽകാൻ ശ്രമിക്കുന്നുണ്ട്. ആരോഗ്യകരമായ രീതിയിൽ എങ്ങനെ മുന്നോട്ടുപോകാമെന്നതിനെക്കുറിച്ചൊക്കെ ഗ്രാമപ്രദേശങ്ങളിലും മറ്റും അവബോധം നൽകിവരുന്നുണ്ട്.
മലയാളികളുടെ മോശം ശീലം
ആരോഗ്യവുമായി ബന്ധപ്പെട്ട് മലയാളികളുടെ ഏറ്റവും മോശം ശീലമാണ് ഡോക്ടറെ കാണാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങുകയെന്നത്. യൂട്യൂബിലും മറ്റും നോക്കിയുള്ള പ്രസവമെടുക്കൽ അടക്കമുള്ള സ്വയം ചികിത്സ ഇപ്പോൾ വളരെയേറെ കൂടിക്കൊണ്ടിരിക്കുകയാണ്.
സ്വയം ചികിത്സ എന്നും അപകടത്തിലെത്തിക്കുകയേയുള്ളൂ. പനിയാണെന്ന് കരുതി ഗുളിക വാങ്ങിക്കഴിക്കും. ചിലപ്പോൾ വേറെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമായിരിക്കാം. രോഗം കണ്ടെത്താതെ മരുന്ന് കഴിക്കുന്നത് നല്ലതല്ല.
ക്യാപിറ്റൽ ഫീസ്
ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് വലിയ ഫീസൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് പതിന്മടങ്ങ് ഫീസ് കൂടി. ക്യാപിറ്റേഷൻ നിർത്തലാക്കിയെങ്കിലും ഫീസ് കൂടുതലാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഫീസ് തീരുമാനിക്കുന്നത് സർക്കാരും സർക്കാരിനോട് ബന്ധപ്പെട്ടവരുമാണ്. അതിൽ ഐഎംഎയ്ക്ക് വലിയ റോളൊന്നുമില്ല.
പുറംരാജ്യങ്ങളിലാണെങ്കിൽ ഏത് ആരോഗ്യപരമായ പോളിസിയെടുക്കുന്നുണ്ടെങ്കിലും അവിടത്തെ ആരോഗ്യ സംഘടനകളുമായി ചർച്ച ചെയ്യും. ഇവിടെ നമ്മൾ ആ ലെവലിൽ എത്തിയിട്ടില്ല.
ജനറൽ മെഡിസിന്റെ പ്രാധാന്യം കുറഞ്ഞോ
രോഗ ലക്ഷണംവച്ച് യൂട്യൂബിലും മറ്റും തെരച്ചിൽ നടത്തും. ചെറിയൊരു തലവേദന വന്നാൽ പോലും ഇത്തരത്തിൽ സെർച്ച് ചെയ്യും. ഒടുവിൽ വലിയ രോഗം എന്തെങ്കിലുമാണെന്ന് കരുതി ന്യൂറോളജി സ്‌പെഷ്യലിസ്റ്റിനെ കാണും. വയറുവേദനയാണെങ്കിൽ ഗ്യാസ്‌ട്രോളജിസ്റ്റിനെ കാണും. ആ രീതി തന്നെ തെറ്റാണ്. കാരണം നമ്മുടെ രോഗം മനസിലാക്കി സ്‌പെഷ്യലിസ്റ്റിനെ കാണണമോയെന്ന് തീരുമാനിക്കേണ്ടത് ജനറൽ മെഡിസിൻ കഴിഞ്ഞവരാണ്. പുറംരാജ്യങ്ങളിൽ അവർ ആദ്യം ഫാമിലി ഫിസിഷ്യനാണ് കാണിക്കുന്നത്. കൂടുതൽ ചികിത്സ വേണമെങ്കിൽ റഫർ ചെയ്യും.
നമ്മുടെ നാട്ടിലെ ഈ പ്രവണത കൊണ്ട് ധാരാളം ദോഷങ്ങളുണ്ട്. മെഡിക്കൽ കോളേജിലും മറ്റും ചെന്നുനോക്കിയാൽ ഭയങ്കര ക്യൂവാണ്. ബാക്കിയുള്ള സ്ഥലങ്ങളിൽ നിന്ന് റഫർ ചെയ്തവരാണെങ്കിൽ ക്യൂ കുറച്ച് കുറയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |