ന്യൂഡൽഹി: ഐപിഎൽ 2025 സീസണിലെ ആദ്യ മത്സരത്തിൽ മുംബയുടെ ഇംപാക്‌ട് പ്ളെയറായി എത്തിയ മലയാളി താരം വിഘ്‌നേഷ് പുത്തൂരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നാല് ഓവറിൽ 32 റൺസ് വഴങ്ങി വിഘ്‌നേഷ് നേടിയത് ചെന്നെെയുടെ മൂന്ന് വിക്കറ്റുകളാണ്. അതും നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ നിർണായക വിക്കറ്റുകൾ. മത്സരത്തിൽ മുംബയ് ഇന്ത്യൻസ് തോറ്റെങ്കിലും വിഘ്നേഷ് സാക്ഷാൽ ധോണിയുടെ പ്രശംസ വരെ ഏറ്റുവാങ്ങിയിരുന്നു.
മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ വിഘ്‌നേഷിന് നേരെ ധോണി നടന്നെത്തി. പിന്നീട് വിഘ്‌നേഷിന്റെ തോളിൽതട്ടി അഭിനന്ദിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോ വെെറലാണ്. എന്താണ് ധോണി വിഘ്നേഷിനോട് സംസാരിച്ചതെന്നാണ് സെെബർ ലോകം അന്വേഷിക്കുന്നത്. അതിനുള്ള ഉത്തരവും വന്നുകഴിഞ്ഞു. മത്സരത്തിന് ശേഷം അടുത്ത ദിവസം രാവിലെ വിഘ്‌നേഷ് തന്റെ സുഹൃത്ത് ശ്രീരാഗിനെ വിളിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് എത്രവയസ് ആയിയെന്നാണ് ആദ്യം ധോണി ചോദിച്ചതെന്നാണ് വിഘ്നേഷ് പറഞ്ഞത്. 24 വയസാണെന്ന് പറഞ്ഞപ്പോൾ ഇതുപോലെ ഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കണം എന്നും ധോണി പറഞ്ഞതായി വിഘ്‌നേഷ് വെളിപ്പെടുത്തി.
ഇടംകൈ റിസ്‌റ്റ് സ്‌പിന്നറാണ് വിഘ്‌നേഷ് പുത്തൂർ. പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനാണ് വിഘ്‌നേഷ്. ക്രിക്കറ്റുമായി വലിയ ബന്ധങ്ങളൊന്നും കുടുംബത്തിലാർക്കുമില്ല. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് ബാലപാഠങ്ങൾ പഠിപ്പിച്ചത്. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചെങ്കിലും സീനിയർ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി കളിച്ചു. പെരിന്തൽമണ്ണ പി.ടി.എം ഗവൺമെന്റ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. ഐപിഎൽ താരലേലത്തിൽ 30 ലക്ഷം രൂപയ്‌ക്കാണ് വിഘ്‌നേഷിനെ മുംബയ് ടീമിലെത്തിച്ചത്. കെ.സി.എൽ മത്സരങ്ങൾ വീക്ഷിക്കാൻവന്ന മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്‌കൗട്ടിംഗ് കോച്ചാണ് ട്രയൽസിനെത്താൻ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |