കൊച്ചി : സിനിമാ കളക്ഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ കുഞ്ചാക്കോ ബോബന് മറുപടിയുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്‌സ് യൂണിയൻ, സിനിമയുടെ കളക്ഷൻ സംബന്ധിച്ച് കുഞ്ചാക്കോ ബോബന് എന്ത് വ്യക്തതക്കുറവാണ് ഉള്ളതെന്ന് ഫിയോക് ചോദിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട മലയാള സിനിമകളുടെ കളക്ഷന്റെ ലിസ്റ്റിനെ കുഞ്ചാക്കോ ബോബൻ ചോദ്യം ചെയ്തിരുന്നു. ഇതിനാണ് ഫിയോക്കിന്റെ മറുപടി.
കൃത്യമായ കണക്കുകളാണ് പുറത്തുവിട്ടതെന്ന് ഫിയോക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതുമുഖ നിർമ്മാതാക്കളെ സിനിമയിലേക്ക് ഇറക്കി വഞ്ചിക്കുന്നിന് എതിരെയാണ് കണക്ക് പുറത്തുവിട്ടത്. തിയേറ്ററുകളുടെ ദുരവസ്ഥ പുറത്തുകാണിക്കുന്നതാണ് കണക്കുകൾ. പരിചയമില്ലാത്ത പുതിയ നിർമ്മാതാക്കളെ കൊണ്ടുവന്ന് വഞ്ചിക്കാനായി ഒരുകൂട്ടം ആളുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഓഫീസർ ഓൺ ഡ്യൂട്ടി പരാജയപ്പെട്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഊതിപെരുപ്പിച്ച കണക്കുകൾ കണ്ട് പലരും സിനിമ പിടിക്കാൻ വന്നു കുഴിയിൽ ചാടും. അതൊഴിവാക്കാൻ കൂടിയാണ് കണക്കുകൾ പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ നിർമ്മാണത്തിനായി 75 കോടി ചെലവിട്ടെങ്കിലും 23 കോടി 50 ലക്ഷമാണ് തിരിച്ചു കിട്ടിയതെന്നും ഒരു സിനിമയ്ക്കും ചെലവഴിച്ച തുക തിരിച്ചുകിട്ടിയില്ലെന്നും നിർമ്മാതാക്കൾ പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന് 13 കോടി ചെലവായെന്നും 11 കോടി രൂപയാണ് കളക്ഷൻ നേടിയതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട ഫെബ്രുവരി ബോക്സ് ഓഫീസ് റിപ്പോർട്ടിലുണ്ട്. എന്നാൽ ചിത്രത്തിന്റെ നിർമ്മാണച്ചെലവ് 13 കോടി അല്ലെന്നും കളക്ഷൻ 11 കോടിയുടെ ഇരട്ടിയോ അതിനെക്കാൾ കൂടുതലോ ആയിരിക്കുമെന്നാണ് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |