ന്യൂഡൽഹി: അപകടത്തിൽ രാഷ്‌ട്രീയം കളിക്കില്ലെന്നും കേന്ദ്ര സർക്കാരിന് കേരളത്തിലെയും ഗുജറാത്തിലെയും ജനങ്ങൾ ഒരുപോലെയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വയനാടിന് അർഹമായ സഹായം ലഭിച്ചില്ലെന്ന കേരള എം.പിമാരുടെ പരാതിക്ക് രാജ്യസഭയിൽ ദുരന്തര നിവാരണ ബില്ലിന്റെ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നത് ബി.ജെ.പി സംസ്‌കാരമല്ല. കേരളത്തിലെയും ലഡാക്കിലെയും ഗുജറാത്തിലെയും യു.പിയിലെയും ജനങ്ങളെ കേന്ദ്ര സർക്കാർ ഒരുപോലെ കാണുന്നു. ഇക്കാര്യത്തിൽ ചിലരുടെ ആശങ്ക പഴയ സാഹചര്യങ്ങൾ മൂലമാണെന്നും കോൺഗ്രസിനെ വിമർശിച്ച് ഷാ ചൂണ്ടിക്കാട്ടി. ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ചാണ് കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായങ്ങൾ നൽകുന്നത്. കൊവിഡ് സമയത്ത് എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യം ഒരേപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിന് ആവശ്യമായ പരിഗണന നൽകിയെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഉടൻ 215 കോടി അനുവദിച്ചു. അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ 36 കോടി അനുവദിച്ചെങ്കിലും അതു ചെലവാക്കിയില്ല. അന്തർ മന്ത്രാലയ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153.47 കോടി അനുവദിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട 2219 കോടിയിൽ 530 കോടി നൽകിയെന്നും കൂടുതൽ സഹായം ലഭ്യമാക്കാനുള്ള സംവിധാനം ആവിഷ്‌കരിച്ചതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |