കൊച്ചി: ഇക്കുറിയും പ്ളേഓഫ് കടക്കാനാകാതെ മടങ്ങിയ ഐ.എസ്.എൽ ക്ളബ്ബ് കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി മുൻ സ്പാനിഷ് പ്രതിരോധ താരം ഡേവിഡ് കറ്റാലയെ നിയമിച്ചു. മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ സീസൺ പകുതിയിൽ മുഖ്യപരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ്ബ് പുറത്താക്കിയിരുന്നു. തുടർന്ന് മലയാളിയായ പുരുഷോത്തമന് കീഴിലാണ് സീസൺ പൂർത്തിയാക്കിയിരുന്നത്.
ഒരു വർഷത്തേക്ക് മാത്രമാണ് കറ്റാലയ്ക്ക് കരാർ നൽകിയിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന സൂപ്പർ കപ്പാണ് മുന്നിലുള്ള ആദ്യ വെല്ലുവിളി. മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച്, ഒഡീഷ എഫ്.സി പരിശീലകൻ സെർജിയോ ലൊബേറ തുടങ്ങിയവരുടെ പേരുകൾ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഒടുവിൽ കറ്റാലയെ നിയമിക്കാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. 500ലധികം പ്രൊഫഷണൽ ഫുട്‌ബോൾ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ കറ്റാല, സൈപ്രസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളെയടക്കം പരിശീലിപ്പിച്ചിട്ടുണ്ട്.
സൂപ്പർ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരാൻ കറ്റാല ഉടൻ കൊച്ചിയിലെത്തും. ഡേവിഡ് ജെയിംസ്, പീറ്റർ ടെയ്‌ലർ, ടെറി ഫെലാൻ, സ്റ്റീവ് കോപ്പൽ, റെനി മൗളൻസ്റ്റീൻ, നെലോ വിൻഗാദ, എൽകോ ഷട്ടോരി, കിബു വികുന, ഇവാൻ വുകോമനോവിച്ച് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിലെ മുൻ പരിശീലകർ.
കറ്റാല കരിയർ ഗ്രാഫ്
കളിക്കാരനായി സ്പാനിഷ് ക്ളബുകളായ എസ്പാന്യോൾ അണ്ടർ 19, എസ്പാന്യോൾ ബി,സെറേസ്,ലെയ്‌ഡ,അൽബസെറ്റെ, സലാമൻക, സെൽറ്റ ഡി വിഗോ, സൈപ്രസ് ക്ളബ് ലർണാക തുടങ്ങിയവയ്ക്ക് വേണ്ടി കളത്തിലിറങ്ങി.
പരിശീലകനായി ലർണാക യൂത്ത്, ലർണാക സീനിയർ,ലമാസോൾ,ഇസ്ത്ര,സബാദെൽ ക്ളബുകളിൽ.
44 വയസാണ് കറ്റാലയ്ക്ക്. പരിശീലകനായി അഞ്ചാം വർഷം. പരിശീലകനായി 87 മത്സരങ്ങൾ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |