കോട്ടയം: ചെറുധാന്യങ്ങളിൽ കൊതിയൂറും വിഭവങ്ങളൊരുക്കി രുചിയും ആരോഗ്യവും വിളമ്പുകയാണ് ആൻസി മാത്യു. പോഷക കലവറയായ മില്ലറ്റുകളിൽ നിന്ന് ഉപ്പുമാവ്, ദോശ, ഇഡലി, കുക്കീസ്, കേക്ക്, പായസം, റസ്‌ക്, ബർഗർ, നുറുക്ക്, പക്കാവട, സൂപ്പ്, കാപ്പി, കട്‌ലറ്റ്, ലഡു തുടങ്ങി നിരവധി വിഭവങ്ങളാണ് പാലാ ഞാവള്ളിമംഗലത്ത് വീട്ടിൽ ആൻസിയൊരുക്കുന്നത്. കുട്ടികൾ മുതൽ പ്രായമുള്ളവർക്കും രോഗികൾക്കും വരെ കഴിക്കാം.
പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്നുണ്ട്. 2023 മില്ലറ്റ് ഇയറായി പ്രഖ്യാപിച്ചപ്പോഴാണ് ആൻസി പുതുപരീക്ഷണം തുടങ്ങിയത്. കോയമ്പത്തൂരിലെ എക്‌സിബിഷനിൽ കിട്ടിയ തിനയുടെയും, എറണാകുളത്തെ എക്‌സിബിഷനിൽ ലഭിച്ച മണിച്ചോളത്തിന്റെയും വിത്തുപയോഗിച്ച് വീടിനോട് ചേർന്ന് കൃഷിയൊരുക്കി. പരീക്ഷണാടിസ്ഥാനത്തിൽ കഞ്ഞിയാണ് മില്ലറ്റിൽ ആദ്യമുണ്ടാക്കിയത്. ഇഷ്ടപ്പെട്ടതോടെ പോപ്‌കോണിലേക്കും മറ്റ് പലഹാരങ്ങളിലേക്കും മാറി. ആവശ്യക്കാർക്ക് ഓർഡറനുസരിച്ച് പലഹാരങ്ങൾ തയ്യാറാക്കി നൽകും. ഇതിനായി 94471 28480 നമ്പരിൽ ബുക്ക് ചെയ്യാം.
ചക്ക പുസ്തകത്തിന് പുരസ്‌കാരം
ചക്ക വിഭവങ്ങളെക്കുറിച്ചുള്ള ആൻസിയുടെ പുസ്തകത്തിന് ഏഷ്യാ റെക്കാഡടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. നൂറോളം ചക്കവിഭവങ്ങളും തയ്യാറാക്കും. പാചകമത്സരത്തിൽ മില്ലറ്റ് കൊണ്ട് തയ്യാറാക്കിയ കേക്കിന് ഒന്നാസ്ഥാനവും ലഭിച്ചു. സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ, സഹകരണ സംഘങ്ങൾ, സൊസൈറ്റികൾ, ബാങ്ക് എന്നിവിടങ്ങളിൽ മില്ലറ്റിന്റെ ഗുണങ്ങളെക്കുറിച്ചും പോഷകസമ്പത്തിനെക്കുറിച്ചും ക്ലാസും സെമിനാറും നയിക്കുന്നുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയം, നബാർഡ്, എം.എസ്.എം.ഇ, ഹോർട്ടികൾച്ചർ തുടങ്ങിയവയുടെ ഫാക്കൽറ്റി അംഗവുമാണ്. ഇൻഡോർ, ഔട്ട്‌ഡോർ ചെടികളുടെ വില്പനയുമുണ്ട്.
'കൂടുതൽ ആളുകൾ മില്ലറ്റിന്റെ പോഷകഗുണം തിരിച്ചറിയണം. മില്ലറ്റ് കഞ്ഞിമിക്‌സ് എക്‌സ്‌പോർട്ടിംഗ് നടത്തണമെന്നാണ് ആഗ്രഹം".
- ആൻസി മാത്യു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |