തിരുവനന്തപുരം: കൂടൽമാണിക്യം ദേവസ്വംക്ഷേത്രത്തിൽ കഴകം തസ്തികയിലേക്ക് നിയമിതനായ ബി.എ. ബാലു അതേ ജോലിതന്നെ നിർവഹിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. ഇതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.
കഴകം 2 തസ്തികയിൽ നിയമിതനായ ബാലുവിനെ താത്കാലികമായി ദേവസ്വം ഓഫീസിൽ നിയമിച്ചതു സംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്ററോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കൂടൽമാണിക്യം ദേവസ്വം ആക്ട് പ്രകാരം 2003ൽ സർക്കാർ പുറപ്പെടുവിച്ച റഗുലേഷനിലെ നാലാം ഖണ്ഡികയിൽ 2 കഴകം പോസ്റ്റുകളാണുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1025 + ഡി.എ ശമ്പള സ്‌കെയിലുള്ള കഴകം തസ്തികയിലേക്ക് പാരമ്പര്യമായി തന്ത്രി നിർദ്ദേശിക്കുന്ന വ്യക്തിയെയും 1300 -1880 ശമ്പള സ്‌കെയിലുള്ള തസ്തികയിലേക്ക് നേരിട്ടുള്ള നിയമനവുമാണ് നടത്തേണ്ടത്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് മുഖേനയാണ് അത് നടപ്പിലാക്കേണ്ടത്.
ഒന്നാമത്തെ ശമ്പള സ്‌കെയിൽ പ്രകാരമുള്ള ജീവനക്കാരൻ നിലവിൽ അവിടെയില്ല. ആ ജോലികൾ തന്ത്രിമാരുടെ നിർദ്ദേശമനുസരിച്ച് താത്കാലികക്കാരെ നിയമിച്ചാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ നിർവഹിച്ചുവരുന്നത്.
രണ്ടാമത്തെ കഴകം പോസ്റ്റിലേക്കാണ് ബാലുവിനെ ഫെബ്രുവരി 24 ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നിയമിച്ചത്.
എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ, സജീവ് ജോസഫ്, ടി.ജെ വിനോദ് എന്നിവരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |