തിരുവനന്തപുരം: നിറത്തിന്റെ പേരിൽ നേരിട്ട അപമാനത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചീഫ് സെക്രട്ടറി എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണെന്നും ചർച്ചചെയ്യപ്പെടേണ്ടതാണെന്നും സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.
'സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ചചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു'- എന്നായിരുന്നു പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചത്. ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചായിരുന്നു സതീശന്റെ പ്രതികരണം.
തന്റെയും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെക്കുറിച്ച് ഒരാൾ നടത്തിയ മോശം പരാമർശത്തെക്കുറിച്ചാണ് ശാരദാ മുരളീധരൻ തുറന്നുപറഞ്ഞത്. കറുപ്പെന്ന നിറത്തിനെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് മനോഹരമായ നിറമാണെന്നും ചീഫ് സെക്രട്ടറി കുറിപ്പിൽ പറഞ്ഞു.
'കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണ്. കറുപ്പ് അത്രയും മനോഹരമായ നിറമാണ്. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നത്. പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ് അത്. എന്നെ വീണ്ടും ഗർഭപാത്രത്തിലെത്തിച്ച് വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാൻ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചത്. മതിയായ നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വർഷമായി ഞാൻ ജീവിക്കുന്നത്'- ശാരദ ഫേസ്ബുക്കിൽ കുറിച്ചു. ശാരദാ മുരളീധരന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നുണ്ട്. നിരവധി പ്രമുഖർ ചീഫ് സെക്രട്ടറിയെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |