തൃശൂർ: ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്, ഹിമാലയ സാനുക്കളിലെ നൺ, ദ്രൗപദി കാ ദണ്ട കൊടുമുടികൾ ചുറുചുറുക്കോടെ കയറിയ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മറ്റൊരു കടമ്പ കൂടി കടന്നു. ജില്ലാ കളക്ടറെന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിലാണ് ബസോടിച്ച് ഹെവി ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്.
ചെറുപ്പം മുതൽ തന്നെ ഹെവി ലൈസൻസ് പ്രേമം അർജുൻ പാണ്ഡ്യന് ഉണ്ടായിരുന്നു. നാലുചക്ര വാഹനങ്ങൾ നേരത്തെ തന്നെ ഓടിക്കാറുണ്ടെങ്കിലും സമയക്കുറവ് മൂലം ഹെവി ലൈസൻസിന് പരിശ്രമിച്ചിരുന്നില്ല. മാനന്തവാടി സബ് കളക്ടറായിരിക്കെയാണ് ബസ് ഓടിച്ച് പരിശീലിച്ചത്.
പ്രിയദർശിനി ബസിലായിരുന്നു ആദ്യ പരിശീലനം. എതാനും ആഴ്ച്ചകൾക്ക് മുൻപ് അത്താണിയിലെ ഗ്രൗണ്ടിൽ പരിശീലനം നടത്തിയ ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ ലൈസൻസ് ലഭിക്കുന്നതിന് ടെസ്റ്റിന് ഹാജരായത്. ഗ്രൗണ്ട് ടെസ്റ്റ് നടത്തിയ ശേഷം സംസ്ഥാന പാതയിൽ വടക്കാഞ്ചേരി റൂട്ടിൽ പത്ത് കിലോമീറ്ററോളം ഓടിച്ചാണ് ഏറെ നാളത്തെ അഗ്രഹം സഫലമാക്കിയത്. ടെസ്റ്റ് വിജയിച്ച വിവരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കളക്ടറെ അറിയിച്ചു.
നിരവധി ട്രക്കിംഗിൽ പങ്കെടുത്തിട്ടുള്ള കളക്ടർ എതാനും ആഴ്ച്ചകൾക്ക് മുമ്പ് നടന്ന മാരത്തോണിൽ 42 കിലോ മീറ്റർ ഓടിയിരുന്നു. മസൂറിയിലെ ഐ.എ.എസ് പരിശീലനകാലത്ത് മികച്ച സ്‌പോർട്‌സ്മാനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എതാനും മാസം മുമ്പാണ് തൃശൂർ ജില്ലാ കളക്ടറായി ചുമതലയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |