തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്തെ മാലിന്യനിക്ഷേപം പൂർണമായി ഒഴിവാക്കി പക്ഷിയിടി സാദ്ധ്യതയൊഴിവാക്കിയില്ലെങ്കിൽ ആകാശദുരന്തമായിരിക്കും ഫലമെന്ന് വ്യോമസേനയുടെ മുന്നറിയിപ്പ്. സർക്കാരിനും നഗരസഭാ സെക്രട്ടറിക്കുമയച്ച കത്തിലാണ് ദക്ഷിണ വ്യോമകമാൻഡിലെ വിംഗ് കമാൻഡർ ദുരന്തസാദ്ധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. അമേരിക്കൻ എയർവെയ്സ് വിമാനത്തിൽ പക്ഷിയിടിച്ച് രണ്ട് എൻജിനുകളും തകരാറിലായതും ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ ക്രാഷ്ലാൻഡിംഗ് നടത്തിയതും പാഠമായിരിക്കണം. സംസ്ഥാന സർക്കാരും കോർപ്പറേഷനും അടിയന്തര നടപടികളെടുത്തില്ലെങ്കിൽ സമാനമായ സംഭവങ്ങൾ ഏതു സമയവും തിരുവനന്തപുരത്തും ഉണ്ടാകാനിടയുണ്ടെന്ന് സ്റ്റേഷൻ കമാൻഡറുടെ നിർദ്ദേശപ്രകാരം നൽകിയ കത്തിൽ വ്യക്തമാക്കി. പക്ഷിക്കൂട്ടം വിമാനത്താവളത്തിന് ഗുരുതര ഭീഷണിയാവുന്നത് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷിശല്യമൊഴിവാക്കാൻ നടപടികളെടുക്കണമെന്ന് വ്യോമസേനയും വിമാനത്താവള അധികൃതരും ആവർത്തിച്ച് ആവശ്യപ്പെടുന്നു.
കോടികളുടെ വിമാനങ്ങളും പക്ഷിപ്പേടിയിൽ
1900കോടി രൂപ വിലയുള്ള സി-17 ഗ്ലോബ് മാസ്റ്റർ വിമാനം, 2750കോടി വിലയുള്ള എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റമുള്ള വിമാനം എന്നിവ തിരുവനന്തപുരത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇവ ഒരു മണിക്കൂർ പറക്കുന്നതിന് 25മുതൽ 40ലക്ഷം വരെ ചെലവുണ്ട്
2024ജൂലായ് 30ന് എയർബോൺ വാണിംഗ് സംവിധാനമുള്ള വിമാനമിറക്കിയപ്പോൾ പക്ഷിയിടി ഒഴിവാക്കാൻ വിദഗ്ദ്ധശ്രമം വേണ്ടിവന്നു. ലാൻഡിംഗിനുള്ള ശ്രമം ഉപേക്ഷിച്ച് ആകാശത്ത് വട്ടമിട്ടു. പക്ഷിയിടി കാരണം സേനാവിമാനങ്ങൾ അറ്റകുറ്റപ്പണിക്കായി നിലത്തിറക്കേണ്ടി വന്നാൽ വ്യോമസേനയുടെ ഓപ്പറേഷണൽ ശേഷിയെപ്പോലും ബാധിക്കും.
പക്ഷിയിടി ഗുരുതര പ്രശ്നമാണ്. പ്രദേശവാസികളുടെ സഹകരണത്തോടെ ശാശ്വതപരിഹാരമുണ്ടാക്കും. മാലിന്യം തള്ളുന്നത് ഒഴിവാക്കിയേ പറ്റൂ. നഗരസഭയുടെ അറവുശാല വരുംവരെ താത്കാലിക പരിഹാരം ഉടനുണ്ടാക്കണം. പക്ഷിയിടിയുടെ അപകടം സർക്കാരിന്റെ മുന്നിലുണ്ട്. മുൻഗണനയോടെ പരിഹാരമുണ്ടാക്കും.
ശാരദ മുരളീധരൻ
ചീഫ്സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |