കൊച്ചി: നഗരത്തിൽ എം.ഡി.എം.എ മൊത്തവിതരണം നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണികളായ രണ്ടുപേർക്ക് 10 വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷിച്ച് കോടതി. കോട്ടയം ചിങ്ങവനം മുട്ടത്താട്ട്ചിറയിൽ സൂസിമോൾ എം. സണ്ണി (തുമ്പിപ്പെണ്ണ് -26), സുഹൃത്ത് ആലുവ ചെങ്ങമനാട് കല്ലൂക്കാടൻപറമ്പിൽ അമീർ സുഹൈൽ (പൂത്തിരി -25) എന്നിവരെയാണ്
എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. 25ലക്ഷം രൂപ വിലവരുന്ന 350ഗ്രാം രാസലഹരി പിടികൂടിയ കേസിലാണ് നടപടി.
മൂന്നും നാലും പ്രതികളായ വൈപ്പിൻ സ്വദേശി കെ.എ. അജ്മൽ, അങ്കമാലി പുളിയിനം സ്വദേശി എൽറോയ് വർഗീസ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടു.
2023 ഒക്ടോബറിൽ കലൂർ സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് പ്രതികൾ എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. രാത്രി ബൈക്കുകളിലെത്തുന്ന സംഘം കവറുകളിൽ മയക്കുമരുന്ന് പൊതിഞ്ഞ് ആവശ്യക്കാർ നിർദ്ദേശിക്കുന്ന മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിച്ച് പാഞ്ഞുപോകുന്നതായിരുന്നു രീതി. കൊച്ചിയിലെ ലഹരിവിതരണത്തിന് ചുക്കാൻപിടിച്ചിരുന്ന തുമ്പിപ്പെണ്ണ് മുൻകൂട്ടിയെത്തി പണം ഈടാക്കും.
സംഭവദിവസം രാത്രി മഴപെയ്തതിനാൽ വിതരണസംഘം ആഡംബര കാറിലായിരുന്നു സഞ്ചാരം. ഇതിനിടയിലാണ് എക്സൈസ് പ്രതികളെ കുടുക്കിയത്. തുടർന്ന് റിമാൻഡിലായിരുന്നു.
ചർച്ചയായ കേസ്
തുമ്പിപ്പെണ്ണും കൂട്ടരും പിടിയിലാകുമ്പോൾ കാറിൽ പല ബാഗുകളിലായി എം.ഡി.എം.എ സൂക്ഷിച്ചിരുന്നു. അമീറിന്റെ പോക്കറ്റിൽനിന്നും മയക്കുമരുന്ന് കണ്ടെടുത്തു. സംഘാംഗങ്ങൾ സ്പ്രിംഗ് ബാറ്റൺ ഉപയോഗിച്ച് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത് അന്ന് വലിയ വാർത്തയായിരുന്നു.
സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐ.ബി പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കാറടക്കം കസ്റ്റഡിയിൽ എടുത്തത്. എറണാകുളം അസി. എക്സൈസ് കമ്മീഷണർ ടി.എൻ. സുദീറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് ഹാജരായി. പ്രതികളെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. രണ്ടുപേരെ വെറുതെവിട്ടതിനെതിരേ അപ്പീൽ നൽകുമെന്നും എക്സൈസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |