പത്തനംതിട്ട: വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട നാരങ്ങാനം വില്ലേജ് ഓഫീസർ ജോർജ് ജോസഫിനെ ഓഫീസിൽ കയറി വെട്ടുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.വി സഞ്ജുവിന്റെ ഭീഷണി. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായി. ഇന്നലെ ഉച്ചയോടെയാണ് വില്ലേജ് ഓഫീസർ ഏരിയ സെക്രട്ടറിയെ ഫോണിൽ വിളിച്ചത്.
'' കെട്ടിടം നികുതി അടയ്ക്കണമെന്ന് 2022മുതൽ പലതവണ ആവശ്യപ്പെട്ടിട്ടും അടയ്ക്കാമെന്ന മറുപടി മാത്രമാണ് കിട്ടിയത്. നിങ്ങളൊക്കെ വലിയ ആളുകളും രാഷ്ട്രീയ പാർട്ടികളുടെ ആളുകളുമായിരിക്കും. പക്ഷേ, ചോദ്യം വന്നാൽ ഡെപ്യൂട്ടി കളക്ടറുടെയും കളക്ടറുടെയും മുന്നിൽ ഞങ്ങൾക്ക് മുട്ടുമടക്കി നിൽക്കേണ്ടിവരും. അതുകൊണ്ട് സാഹചര്യമുണ്ടെങ്കിൽ നാളെ ഉച്ചയ്ക്ക് മുമ്പ് തുക അടയ്ക്കണമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. സർ എവിടുത്തുകാരനാണെന്ന സഞ്ജുവിന്റെ ചോദ്യത്തിന് പിന്നാലെ ഇരുവരും തർക്കമായി. പണം അടയ്ക്കാമെന്ന് പറഞ്ഞ് ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. അടച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന് ഏരിയ സെക്രട്ടറി ചോദിച്ചപ്പോൾ നടപടിയിലേക്ക് കടക്കുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞതോടെയാണ്, അസഭ്യം വിളിച്ചശേഷം ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്.സംഭവം ഡെപ്യൂട്ടി തഹസിൽദാറെ അറിയിച്ചിട്ടുണ്ടെന്നും ആർക്കും പരാതി നൽകിയിട്ടില്ലെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. വില്ലേജ് ഓഫീസർ മോശമായി സംസാരിച്ചതു കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്ന് ഏരിയ സെക്രട്ടറി സഞ്ജു പറഞ്ഞു.
കെട്ടിട നികുതി 9360 രൂപ
9360 രൂപയാണ് വീടിന്റെ കെട്ടിട നികുതിയായി സി.പി.എം ഏരിയ സെക്രട്ടറി അടയ്ക്കാനുള്ളത്. 2022ൽ 2825 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മിച്ചതിന്റെ ഒറ്റത്തവണ നികുതി നാല് ഗഡുക്കളായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയിരുന്നു. പല തവണ വില്ലേജ് ഓഫീസിൽ നിന്ന് സഞ്ജുവിന് കത്തയക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |