ബ്രസീലിനെ 4-1ന് തോൽപ്പിച്ച് അർജന്റീന ലോകകപ്പിന് യോഗ്യത നേടി
തെക്കേ അമേരിക്കൻ മേഖലയിൽ നിന്ന് യോഗ്യ നേടുന്ന ആദ്യ ടീം
ബ്യൂണസ് അയേഴ്സ് : കഴിഞ്ഞദിവസം നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ചിരവൈരികളായ ബ്രസീലിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026ലെ ലോകകപ്പ് ഫുട്ബാളിൽ പങ്കെടുക്കാൻ തെക്കേ അമേരിക്കൻ മേഖലയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി.
ബ്യൂണസ് അയേഴ്സിലെ മോനുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽതന്നെ മൂന്നുഗോളുകൾ നേടി ആതിഥേയർ ആധിപത്യമുറപ്പിച്ചിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും സ്കൂൾ കുട്ടികളെപ്പോലും നാണിപ്പിച്ച പ്രതിരോധവുമായി കളിച്ച ബ്രസീൽ ഗോളുകൾ വാങ്ങിക്കൂട്ടുകയായിരുന്നു. 6-ാം മിനിട്ടിൽ ജൂലിയൻ അൽവാരസ്, 12-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസ്,37-ാം മിനിട്ടിൽ മക് അലിസ്റ്റർ,71-ാം മിനിട്ടിൽ ഗിലിയാനോ സിമയോണി എന്നിവരാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. 26-ാം മിനിട്ടിൽ മാത്യൂസ് ക്യുഞ്ഞയാണ് ബ്രസീലിനായി സ്കോർ ചെയ്തത്. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം മെസിയില്ലാതെയാണ് അർജന്റീന ഇറങ്ങിയത്. ബ്രസീലിയൻ നിരയിൽ നെയ്മറുമില്ലായിരുന്നു. സ്പാനിഷ് ലീഗിൽ ഗോളടിച്ചുകൂട്ടുന്ന വിനീഷ്യസും റഫീഞ്ഞയും ബ്രസീൽ ടീമിലുണ്ടായിരുന്നെങ്കിലും തീർത്തും നിറം മങ്ങുകയും ചെയ്തു.
2019ന് ശേഷം ഇതുവരെ അർജന്റീനയെ തോൽപ്പിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.
ഇരുവരും തമ്മിൽ ഏറ്റമുട്ടിയ കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ നാലിലും ജയിച്ചത് അർജന്റീന.
14 മത്സരങ്ങളിൽ 10 വിജയവും ഒരു സമനിലയും മൂന്ന് തോൽവികളും ഉൾപ്പടെ 31 പോയിന്റുമായാണ് അർജന്റീന ലോകകപ്പിന് യോഗ്യത നേടിയത്.
14 മത്സരങ്ങളിൽ ആറുജയം മാത്രമുള്ള ബ്രസീൽ നാലാം സ്ഥാനത്താണ്. 21 പോയിന്റേ ബ്രസീലിനുള്ളൂ.ഇക്വർഡോർ (23), ഉറുഗ്വേ (21) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
10 ടീമുകൾ മാറ്റുരയ്ക്കുന്ന തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ആറുടീമുൾക്ക് നേരിട്ട് ലോകകപ്പിലേക്ക് പ്രവേശനം ലഭിക്കും. ഒരു ടീം പ്ളേ ഓഫ് റൗണ്ടിലേക്ക് കടക്കും.
4 മത്സരങ്ങളാണ് ഓരോ ടീമിനും ഇനി അവശേഷിക്കുന്നത്.
ഗോളുകൾ ഇങ്ങനെ
1-0
6-ാം മിനിട്ട്
ജൂലിയൻ അൽവാരേസ്
2-0
12-ാം മിനിട്ട്
എൻസോ ഫെർണാണ്ടസ്
2-1
26-ാം മിനിട്ട്
മാത്യൂസ് ക്യുഞ്ഞ
3-1
37-ാം മിനിട്ട്
മക് അലിസ്റ്റർ
4-1
71-ാം മിനിട്ട്
ഗ്വിലിയാനോ സിമിയോണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |