രാജസ്ഥാൻ റോയൽസിനെ 8 വിക്കറ്റിന് കൊൽക്കത്ത തോൽപ്പിച്ചു
ഗോഹട്ടി : ഈ സീസണിലെ ആദ്യ മത്സരത്തിൽ ആർ.സി.ബിയോട് തോൽക്കേണ്ടിവന്നതിന്റെ കലി രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തീർത്ത് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ഇന്നലെ രാജസ്ഥാൻ റോയൽസിനെ എട്ടുവിക്കറ്റിനാണ് കൊൽക്കത്ത കീഴടക്കിയത്. മലയാളി താരം സഞ്ജു സാംസൺ കളിക്കുന്ന രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 151 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ കൊൽക്കത്ത 17.3 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. കൊൽക്കത്ത ബൗളർമാർ ആധിപത്യം പുലർത്തിയ ഗോഹട്ടിയിലെ പിച്ചിൽ യശസ്വി ജയ്സ്വാൾ (29),റിയാൻ പരാഗ് (25),ധ്രുവ് ജുറേൽ (33) എന്നിവർക്ക് മാത്രമേ രാജസ്ഥാൻ ബാറ്റിംഗ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായുള്ളൂ. 97 റൺസുമായി പുറത്താകാതെ നിന്ന ക്വിന്റൺ ഡികോക്കാണ് കൊൽക്കത്തയുടെ ചേസിംഗ് ഈസിയാക്കിയത്. 61 പന്തുകളിൽ എട്ടുഫോറുകളും ആറുസിക്സുകളുമാണ് ഡികോക്ക് പറത്തിയത്. മൊയീൻ അലി (5), നായകൻ അജിങ്ക്യ രഹാനെ (18) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. ആൻക്രിഷ് രഘുവംശി 22 റൺസുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് സഞ്ജു സാംസണിനെ(13)യാണ് ആദ്യം നഷ്ടപ്പെട്ടത്. ആദ്യ കളിയിൽ അർദ്ധസെഞ്ച്വറി നേടിയിരുന്ന സഞ്ജു ഇന്നലെ രണ്ട് ബൗണ്ടറികൾ പായിച്ചെങ്കിലും നാലാം ഓവറിൽ വൈഭവ് അറോറയുടെ പന്തിൽ ബൗൾഡായി. 33 റൺസായിരുന്നു സഞ്ജു പുറത്താകുമ്പോൾ രാജസ്ഥാൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. തുടർന്ന് ക്രീസിലെത്തിയ നായകൻ റിയാൻ പരാഗും ഓപ്പണർ യശസ്വിയും ചേർന്ന് 50 കടത്തിയെങ്കിലും അധികം മുന്നോട്ടുപോകാൻ ഈ സഖ്യത്തിന് കഴിഞ്ഞില്ല. 7.5-ാം ഓവറിൽ ടീം സ്കോർ 67ൽ നിൽക്കവേ സിക്സിന് ശ്രമിച്ച പരാഗിനെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്ക് പിടികൂടിയതോടെ സഖ്യം തകർന്നു.
15 റൺസ് കൂടി നേടുന്നതിനിടെ യശസ്വി, വാനിന്ദു ഹസരംഗ(4), നിതീഷ് റാണ (8) എന്നിവർകൂടി കൂടാരം കയറി. യശസ്വിയെ മൊയീൻ അലി ഹർഷിത് റാണയുടെ കയ്യിലേൽപ്പിച്ചപ്പോൾ ഹസരംഗ വരുൺ ചക്രവർത്തിയുടെ പന്തിൽ രഹാനെയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു. കഴിഞ്ഞ സീസണിൽ കൊൽക്കത്ത ടീമിലംഗമായിരുന്ന നിതീഷ് റാണയ്ക്ക് തന്നെ നിലനിറുത്താതിരുന്നതിലുള്ള കണക്കുതീർക്കാൻ സാധിച്ചില്ല. മൊയീൻ അലി നിതീഷിനെ ബൗൾഡാക്കുകയായിരുന്നു.ഇതോടെ 11ഓവറിൽ രാജസ്ഥാൻ 82/5 എന്ന നിലയിലായി.
തുടർന്ന് ക്രീസിൽ ഒരുമിച്ച ധ്രുവ് ജുറേലും ഇംപാക്ട് പ്ളേയർ ശുഭം ദുബെയും (9) ചേർന്ന് 100 കടത്തി.15 ഓവറിൽ 110ലെത്തിച്ച ശേഷമാണ് ദുബെ പുറത്തായത്. അറോറയുടെ പന്തിൽ റസലിനായിരുന്നു ക്യാച്ച്. 28 പന്തുകളിൽ അഞ്ചുഫോറടക്കം 33 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി മാറിയ ധ്രുവ് 19-ാം ഓവറിന്റെ ആദ്യ പന്തിൽ ഹർഷിത് റാണയുടെ ബൗളിംഗിൽ ബൗൾഡായി.ഇതേ ഓവറിന്റെ അവസാന പന്തിൽ ഹർഷിത് ഹെറ്റ്മേയറിനെ(7) രഘുവംശിയുടെ കയ്യിലെത്തിക്കുകയും ചെയ്തു.
കൊൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ, ഹർഷിത് റാണ,മൊയീൻ അലി,വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യ മത്സരത്തിൽ ആർ.സി.ബിയോട് ഏഴുവിക്കറ്റിന് തോറ്റിരുന്നു.
മാർച്ച് 31ന് മുംബയ് ഇന്ത്യൻസിന് എതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.
രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് 44 റൺസിനാണ് തോറ്റിരുന്നത്.
മാർച്ച് 30ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |