ന്യൂഡൽഹി: പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി സഭയിൽ മാന്യത പാലിക്കുന്നില്ലെന്ന് സ്‌പീക്കർ ഓം ബിർള. സഹോദരി പ്രിയങ്കാ ഗാന്ധിയുടെ ഇരിപ്പിടത്തിനടുത്ത് പോയി സംസാരിച്ചതാണ് സ‌്‌പീക്കറെ പ്രകോപിപ്പിച്ചത്. പരാതിപ്പെടാൻ ചെന്ന കോൺഗ്രസ് എം.പിമാരെയും സ്‌പീക്കർ ശകാരിച്ചു. അതേസമയം, പ്രകോപനമുണ്ടാക്കിയില്ലെന്നും സഭയിൽ തനിക്ക് സംസാരിക്കാൻ അവസരമില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
ഇന്നലെ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപാണ് സ്‌പീക്കർ ഓം ബിർള അംഗങ്ങൾ മാന്യത പുലർത്തണമെന്ന് ഓർമ്മപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും പറഞ്ഞു. ചില അംഗങ്ങളുടെ പെരുമാറ്റം അതിരു കടക്കുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സഭയിൽ ഇതിനു മുൻപും പിതാവ്-മകൾ, അമ്മ-മകൾ, ഭർത്താവ്-ഭാര്യ എന്നിങ്ങനെ കുടുംബക്കാർ അംഗങ്ങളായി വന്നിട്ടുണ്ടെന്നും സ്‌പീക്കർ പറഞ്ഞു. രാഹുൽ മറുപടി പറയാൻ ശ്രമിച്ചെങ്കിലും സ്‌പീക്കർ അനുവദിച്ചില്ല.
സഭയിൽ താൻ ഒന്നും ചെയ്തില്ലെന്നും നിശബ്ദനായി ഇരിക്കുകയായിരുന്നുവെന്നും സഭയ്‌ക്ക് പുറത്ത് രാഹുൽ പ്രതികരിച്ചു. 7-8 ദിവസമായി തനിക്ക് സംസാരിക്കാൻ അനുവാദമില്ല. ഇതൊരു പുതിയ തന്ത്രമാണ്. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കുംഭമേളയെക്കുറിച്ച് സംസാരിച്ചപ്പോൾ ചില അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കണമെന്നുണ്ടായിരുന്നു. തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിച്ചു. പക്ഷേ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം ജനാധിപത്യവിരുദ്ധമാണ്-രാഹുൽ പറഞ്ഞു.
കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പരാതിപ്പെടാൻ ചെന്ന 70 കോൺഗ്രസ് എം.പിമാരോടും സ്‌പീക്കർ പ്രകോപിതനായി. അതുകഴിഞ്ഞ് ചില ബി.ജെ.പി നേതാക്കൾ രാഹുൽ പ്രിയങ്കയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടപ്പോളാണ് പ്രകോപന കാരണം വ്യക്തമായത്. പ്രിയങ്കയുടെ അടുക്കൽ ചെന്ന് കവിളിൽ തലോടി രാഹുൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |