ന്യൂഡൽഹി :ഹൈക്കോടതികളിൽ 2018 മുതൽ ജഡ്‌ജിമാരായി നിയമനം ലഭിച്ച 715 പേരിൽ 551പേരും ഉയർന്ന ജാതിക്കാർ.അതായത് 77.06 ശതമാനം. 164 പേർ മാത്രമാണ് പിന്നാക്ക-ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളതെന്ന്
കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ രാജ്യസഭയിൽ അറിയിച്ചു.
ഉന്നത ജുഡിഷ്യറിയിൽ പട്ടികവിഭാഗങ്ങളുടെയും ഒ.ബി.സി - ന്യൂനപക്ഷ വിഭാഗത്തിന്റെയും പ്രാതിനിധ്യം സംബന്ധിച്ച് ആർ.ജെ.ഡി അംഗം മനോജ് കുമാർ ഝാ ചോദ്യം ഉന്നയിച്ചിരുന്നു. സുപ്രീകോടതി,ഹൈക്കോടതി ജഡ്‌ജി നിയമനങ്ങളിൽ സംവരണമില്ല. 2018 മുതൽ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്യപ്പെടുന്നവർ അവരുടെ സാമൂഹിക പശ്ചാത്തലം വെളിപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലെ കണക്കാണെന്നും കേന്ദ്ര നിയമ മന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി അയക്കുന്ന പട്ടികയിൽ നിന്നാണ് സുപ്രീംകോടതി കൊളീജിയം ജഡ്ജിമാരെ ശുപാർശ ചെയ്യുന്നത്. അതിൽ നിന്നാണ് സർക്കാർ നിയമനം നടത്തുന്നത്.
പട്ടികവിഭാഗങ്ങളുടെയും ഒ.ബി.സി - ന്യൂനപക്ഷ വിഭാഗത്തിന്റെയും വനിതകളുടെയും പ്രാതിനിധ്യം ഉറപ്പിക്കാൻ നിയമന ശുപാർശപട്ടികയിൽ അർഹമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് നിരന്തരം അഭ്യർത്ഥിക്കുന്നുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി ചൂണ്ടിക്കാട്ടി.
ഒ.ബി.സി - 89
പട്ടികജാതി - 22
പട്ടികവർഗം - 16
ന്യൂനപക്ഷം - 37
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |