ന്യൂഡൽഹി : ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി പൊലീസിന്റെയും കേന്ദ്ര ഏജൻസികളുടെയും അന്വേഷണവും വന്നേക്കും. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസിന്റെ നിലപാട് നിർണായകമാകും. അടിയന്തരമായി വാദംകേൾക്കണമെന്ന് അഭിഭാഷകൻ ഇന്നലെ ആവശ്യപ്പെട്ടപ്പോൾ, ഹർജി ലിസ്റ്റ് ചെയ്‌തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. പൊതു പ്രസ്‌താവന നടത്തരുതെന്നും നിർദ്ദേശിച്ചു.
അതിനിടെ പണത്തിന്റെ സ്രോതസ് സംബന്ധിച്ച് അഭ്യൂഹങ്ങളും ശക്തമായി. റിയൽ എസ്റ്രേറ്ര് മേഖലയുമായി ബന്ധമുണ്ടെന്നും, മറ്റു ചില ജഡ്‌ജിമാർക്കു കൂടി പങ്കുവയ്‌ക്കാനുള്ളതാണെന്നുമുള്ള അഭ്യൂഹം പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം,സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമതിയ്ക്ക് മുന്നിൽ മൊഴി നൽകുന്നതിന് മുന്നോടിയായി യശ്വന്ത് വർമ്മ ഇന്നലെ മുതിർന്ന അഭിഭാഷകരുമായി കൂട്ക്കാഴ്ച നടത്തി. ഇവരിൽ നിന്ന് നിയമ ഉപദേശം തേടിയെന്നാണ് സൂചന.
തെളിവ് നശിപ്പിച്ചതിലും അന്വേഷണം
ഇന്നലെ ന്യൂഡൽഹി ഡി.സി.പി ദേവേഷ്‌കുമാർ മഹ്‌ല, വിവാദ ജഡ്‌ജിയുടെ ഡൽഹി തുഗ്ലക് ക്രെസന്റ് റോഡിലെ വസതിയിൽ പരിശോന നടത്തി. സ്റ്റോർ റൂം സീൽ ചെയ്‌തു. തെളിവുകൾ നശിപ്പിച്ചത് ഉൾപ്പെടെ അന്വേഷിക്കുന്നതിന്റെ ഭാഗമാണിത്. മാർച്ച് 14ന് രാത്രിയുണ്ടായ തീപിടിത്തത്തിന് മണിക്കൂറുക്കൾക്കം നോട്ടുകൂമ്പാരത്തിന്റെ അവശിഷ്‌ടങ്ങൾ സ്റ്റോർ റൂമിൽ നിന്ന് നീക്കിയിരുന്നു. 15ന് രാവിലെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നത് കണ്ടതായി വസതിയുടെ സുരക്ഷാചുമതലയിലുള്ള ഉദ്യോഗസ്ഥർ പൊലീസിന് വിവരം കൈമാറിയിരുന്നു. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയപ്പോൾ, താനോ ജീവനക്കാരോ പണം സ്റ്രോർ റൂമിൽ നിന്ന് മാറ്റിയിട്ടില്ലെന്നാണ് യശ്വന്ത് വർമ്മ മറുപടി നൽകിയത്. 15ന് രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.
നദ്ദ ചർച്ച നടത്തും
നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മിഷൻ നിയമത്തിലെ വ്യവസ്ഥകൾ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നതിൽ പ്രതിപക്ഷ പാർട്ടികളുമായി കേന്ദ്രമന്ത്രി ജെ.പി. നദ്ദ ചർച്ച നടത്തും. സർവകക്ഷിയോഗം വിളിക്കും. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ച് പ്രതിപക്ഷ നിലപാട് തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |