ചെന്നൈ: അണ്ണാ ഡി.എം.കെ വീണ്ടും എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായേക്കും. ഇന്നലെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. 15 മിനിറ്റ് നീണ്ട ചർച്ചയ്ക്കൊടുവിൽ സഖ്യം പുനരാരംഭിക്കുന്ന വിഷയമാണ് ചർച്ചയായത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ വിവാദ പരാമർശങ്ങളാണ് തങ്ങളെ എൻ.ഡി.എയിൽ നിന്നും അകറ്റിയത്. അണ്ണമലൈ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത നിന്നും നീക്കിയാൽ എൻ.ഡി.എയിൽ ചേരാമെന്ന ഉപാധികൂടി എടപ്പാടി ഷായ്ക്കു മുന്നിൽ അവതരിപ്പിച്ചുവെന്നാണ് വിവരം. നിലവിൽ തമിഴ്നാട്ടിൽ എൻ.ഡി.എയിൽ തുടരുന്ന അണ്ണാ ഡി.എം.യുടെ മുൻ ജനറൽ സെക്രട്ടറി ഒ.പനീർശെൽവം,ടി.ടി.വി.ദിനകരൻ എന്നിവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടില്ലെന്നും എടപ്പാടി അറിയിച്ചു. മുതിർന്ന അണ്ണാ ഡി.എം.കെ നേതാക്കളായ എസ്.പി.വേലുമണിയും കെ.പി മുനിസാമിയും ചർച്ചയിൽ പങ്കെടുത്തു.
എൻ.ഡി.എയുടെ തമിഴ്നാട്ടിലെ നേതൃത്വം അണ്ണാ ഡി.എം.കെയ്ക്ക് വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ണാ ഡി.എം.കെ വിട്ടുപോയശേഷം ബി.ജെ.പിയാണ് സഖ്യത്തിലെ പ്രധാന പാർട്ടി. 2026 ഏപ്രിലിൽ തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പായതിനാൽ ഈ ചർച്ചയുടെ ഫലം നിർണ്ണായകമാകും. കഴിഞ്ഞ തവണ അണ്ണാ ഡി.എം.കെ ഉൾപ്പെട്ട എൻ.ഡി.എ 75 സീറ്റുകൾ നേടിയിരുന്നു. അണ്ണാ ഡി.എം.കെ സഖ്യം വിട്ട ശേഷം നടന്ന എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും അണ്ണാ ഡി.എം.കെയ്ക്കും എൻ.ഡി.എക്കും നേടാനായില്ല.അതേ സമയം,അണ്ണാമലൈയെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്രുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. അണ്ണാമലൈയെ മാറ്റണമെന്ന് തമിഴ്നാട്ടിലെ മുതിർന്ന ചില ബി.ജെ.പി നേതാക്കളും ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |