മോസ്കോ: കരിങ്കടലിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വരുത്തണമെങ്കിൽ രാജ്യത്തെ ബാങ്കുകൾക്ക് മേലുള്ള പാശ്ചാത്യ ഉപരോധങ്ങൾ നീക്കണമെന്ന് റഷ്യ. രാജ്യത്തെ കാർഷിക ബാങ്കിന് (റോസൽഖോസ് ബാങ്ക്) മേലുള്ള ഉപരോധങ്ങൾ നീക്കി സ്വിഫ്റ്റ് ഇന്റർനാഷണൽ പെയ്മെന്റ് സിസ്റ്റത്തിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
അതേ സമയം, ഇന്നലെ പുലർച്ചെ യുക്രെയിനിലെ മൈക്കൊലൈവ് നഗരത്തിന് നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തി. റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിച്ചു.
ചൊവ്വാഴ്ച സൗദി അറേബ്യയിൽ സമാപിച്ച ചർച്ചയിലാണ് കരിങ്കടലിൽ വെടിനിറുത്തലിന് യുക്രെയിനും റഷ്യയും ധാരണയായത്. യു.എസ് ഇരുരാജ്യങ്ങളുമായി വേവ്വേറ നടത്തിയ ചർച്ചയിലൂടെയാണ് ധാരണയിലെത്തിയത്. വെടിനിറുത്തൽ എന്ന്, എപ്പോൾ തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കരാർ പ്രാബല്യത്തിൽ വന്നെന്നാണ് യുക്രെയിൻ പറയുന്നത്.
ഇതിനിടെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ധാരണ ലംഘിച്ചെന്ന് യുക്രെയിനും റഷ്യയും പരസ്പരം ആരോപിച്ചു. 30 ദിവസത്തേക്ക് യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന് യു.എസുമായി റഷ്യ ധാരണയിലെത്തിയിരുന്നു. മാർച്ച് 18 മുതൽ ഇത് തങ്ങൾ പാലിക്കുന്നെന്നും റഷ്യ പറയുന്നു. എന്നാൽ റഷ്യ എട്ടു തവണ ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിച്ചെന്ന് യുക്രെയിൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |