സോൾ: ദക്ഷിണ കൊറിയയുടെ തെക്കു-കിഴക്കൻ മേഖലയിൽ ശക്തമായ കാട്ടുതീ. 24 പേർ കൊല്ലപ്പെട്ടു. 26 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏറെയും വൃദ്ധരാണ്. 27,000ത്തിലേറെ പേരെ ഒഴിപ്പിച്ചു. 42,000 ഏക്കർ പ്രദേശം കത്തി നശിച്ചു. തീപിടിത്തത്തിൽ ഉയിസോംഗ് നഗരത്തിലെ 1,300 വർഷം പഴക്കമുള്ള പുരാതന ക്ഷേത്രവും നശിച്ചു.
നഗരത്തിലെ അമൂല്യ ചരിത്ര ശേഷിപ്പുകൾ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറ്റിത്തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സാഞ്ചിയോംഗ് കൗണ്ടിയിൽ നിന്നാണ് കാട്ടുതീ തുടങ്ങിയത്. ശക്തമായ വരണ്ട കാറ്റ് മൂലം ഉയിസോംഗ്, ആൻഡോംഗ്, ചിയോംഗ്സോംഗ് തുടങ്ങിയ കൗണ്ടികളിലേക്കും വ്യാപിച്ചു.
ഇതിനിടെ, ഇന്നലെ ഉയിസോംഗിലെ പർവ്വത മേഖലയിൽ അഗ്നിരക്ഷാ സേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ആയിരക്കണക്കിന് അഗ്നിരക്ഷാ സേനാംഗങ്ങളെയും 5,000 സൈനികരെയും ദുരന്ത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചു. രാജ്യത്ത് തങ്ങുന്ന യു.എസ് മിലിട്ടറിയുടെ ഹെലികോപ്റ്ററുകളും സഹായത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |