ന്യൂഡൽഹി: 'സഹ്‌കർ ടാക്‌സി' അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്ന് പാർലമെന്റിൽ പ്രഖ്യാപനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ടാക്‌സി ഡ്രൈവർമാർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന സഹകരണാധിഷ്ഠിത റൈഡ് ഹൈലിംഗ് പദ്ധതിയാണിതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ ഇരുചക്ര വാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, ഫോർ വീലറുകൾ എന്നിവ രജിസ്റ്റർ ചെയ്യാൻ പദ്ധതി സഹായിക്കും. 'സഹ്കർ സെ സമൃദ്ധി' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് ഷാ കൂട്ടിച്ചേർത്തു.
'ഇത് വെറുമൊരു മുദ്രാവാക്യമല്ല. സഹകരണ വകുപ്പിന്റെ മൂന്നര വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് പദ്ധതി നടപ്പിലായത്. കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സഹകരണ ടാക്‌സി സേവനം ആരംഭിക്കും. ടാക്‌സി ഡ്രൈവർമാർക്ക് നേരിട്ട് പ്രതിഫലം ലഭിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്'- അമിത് ഷാ വ്യക്തമാക്കി. ഒല, ഊബർ എന്നീ റൈഡിംഗ് പ്ളാറ്റ്‌ഫോമുകളുടെ നിരക്ക് വിവേചനത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം. ഉപഭോക്താവ് ഐഫോണിലാണോ ആൻഡ്രോയ്‌ഡ് ഫോണിലാണോ റൈഡ് ബുക്ക് ചെയ്യുന്നത് എന്നതിനനുസരിച്ച് നിരക്കിൽ വേർതിരിവ് ഏർപ്പെടുന്നതായി വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഒലയ്ക്കും ഊബറിനും നോട്ടീസ് അയച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ഒലയും ഊബറും തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |