മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ വാനോളം പ്രശംസിച്ച് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. എല്ലാവർക്കും ഇതുപോലൊരു സുഹൃത്തുണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യയിലെ എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെ പോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്നും, എല്ലാ മോഹൻലാലുമാർക്കും മമ്മൂട്ടിയെ പോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിക്കുന്നു. അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ ചിന്താഗതിക്കാരായ, നെഗറ്റീവ് ആയ ആളുകൾക്ക് മനസിലാക്കാൻ പോലും കഴിയാത്തതാണെന്ന് വ്യക്തമാണ്, പക്ഷേ അതാര് ശ്രദ്ധിക്കുന്നു.'- എന്നാണ് അക്തർ എക്‌സിൽ കുറിച്ചത്.
I wish every Mamooty of India had a friend like Mohan Lal and every Mohan Lal had a friend like Mamooty . It is obvious that their great friendship is beyond the understanding of some Small , narrow minded , petty and negative people but who cares .
— Javed Akhtar (@Javedakhtarjadu) March 26, 2025
അടുത്തിടെ മമ്മൂട്ടിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.ആ സമയത്ത് മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തുകയും, മമ്മൂട്ടിക്കായി വഴിപാട് കഴിച്ചു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ ചിലർ ഇത് വിവാദമാക്കിയിരുന്നു. ശബരിമലയിൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും പ്രമുഖ മാദ്ധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള പറഞ്ഞിരുന്നു.
"മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം. മുസ്ലീം സമുദായത്തോട് മാപ്പ് പറയണം. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തതെങ്കിൽ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളമുണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് അത് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ്. കാരണം, ഇസ്ലാം വിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇത് ലംഘനമാണ്'- എന്നായിരുന്നു ഖുറാൻ സൂക്തങ്ങൾ ഉദ്ധരിച്ച് അബ്ദുള്ള പറഞ്ഞത്. പിന്നാലെ ഇത് വേറെ ചിലരും ഏറ്റുപിടിച്ചു.
വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ മതപരമായ വിശ്വാസത്തിന് എതിരാണെന്നും എന്നാൽ പൂജ നടത്താൻ മമ്മൂട്ടി നിർദേശിക്കുന്നുമെന്ന് കരുതുന്നില്ലെന്നും സമസ്ത നേതാവ് നാസർ ഫെെസി കൂടത്തായിയും പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |