കൊച്ചി: തീറ്റപ്പുല്ല് ക്ഷാമം പരിഹരിക്കാൻ ക്ഷീരവകുപ്പ് കുടുംബശ്രീയുമായി ചേർന്ന് 600 തീറ്റപ്പുല്ല് കൃഷി യൂണിറ്റുകൾ തുടങ്ങും. ഒരു യൂണിറ്റ് ഒരു ഏക്കറിൽ കൃഷിയിറക്കും. തീറ്റപ്പുല്ല് കൃഷിയിൽ സ്വയംപര്യാപ്തതയ്‌ക്കൊപ്പം കുടുംബശ്രീ അംഗങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനും ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നു. ഈവർഷം പദ്ധതി പൂർത്തിയാക്കാനാണ് നടപടി.
കന്നുകാലികൾ കൂടുതലുള്ളതും കുടുംബശ്രീ സജീവവുമായുള്ള മേഖലകളിലാണ് പദ്ധതി. കർഷകരുടെ സഹായവും ഇതിനായി പ്രയോചനപ്പെടുത്തും. യൂണിറ്റുകൾ തുടങ്ങാൻ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകും. തുടർന്ന് നടീൽ വസ്തുക്കളും കൈമാറും. ഇതിന് പുറമേ സബ്സിഡിയുമുണ്ട്. മൂന്ന് മാസംകൊണ്ട് വിളവെടുക്കാവുന്ന സങ്കരയിനം നേപ്പിയർ പുല്ലുകളാകും കൃഷിചെയ്യുക.
തീറ്റപ്പുല്ല് കിട്ടാക്കനിയായതോടെ അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സൈലേജുകളെയാണ് ക്ഷീരകർഷകർ ആശ്രയിക്കുന്നത്. തീറ്റപ്പുല്ലിനെ അപേക്ഷിച്ച് സൈലേജിന് നിരക്ക് കൂടുതലാണ്. കിലോഗ്രാമിന് നാലു രൂപയാണ് തീറ്രപ്പുല്ലിന്റെ വില. ഇവ തീറ്റയായി നൽകുന്നത് പശുക്കളുടെ ആരോഗ്യത്തിനും നല്ലതാണ്.
47 ശതമാനം മാത്രം
സംസ്ഥാനത്ത് തീറ്റപ്പുല്ല് ഉത്പാദനം 47 ശതമാനമാണ്. അതിനാൽ ക്ഷീരകർഷകർക്ക് പുല്ല് കിട്ടുന്നില്ല. വെറ്റിനറി സർവകലാശാലകളുടെ അഞ്ച് ഫാമുകളിൽ നിന്ന് 8,200 മെട്രിക്ക് ടൺ പുല്ല് പ്രതിവർഷം ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമേ പ്രാദേശികമായും തീറ്റപ്പുല്ല് കൃഷിയുണ്ട്. നല്ല ആദായമാണ് ലഭിക്കുന്നത്.
100 ടൺ
ഒരു ഏക്കറിന് 10,000 പുൽക്കടകളാണ് നടുക. നല്ല വളവും നനയും നൽകിയാൽ മൂന്ന് മാസത്തിനുള്ളിൽ പുല്ല് ആറടിയിലേക്ക് എത്തും. അതോടെ വിളവെടുപ്പ് തുടങ്ങാം. തുടർന്ന് മാസം തോറും പുല്ല് മുറിക്കാം. ഒരേക്കറിൽ നിന്ന് പ്രതിവർഷം കുറഞ്ഞത് 100 ടൺ പുല്ല് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |