കൊച്ചി: പെരുമ്പാവൂർ കള്ളനോട്ട് കേസിൽ അറസ്റ്റിലായ സലീം മണ്ഡൽ ബംഗ്ലാദേശ് പൗരൻ. ഇയാൾക്ക് കള്ളനോട്ട് ലഭിച്ചതും ബംഗ്ലാദേശിൽ നിന്നാണെന്ന് പൊലീസ്. നോട്ട് അടിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിലെത്തിച്ചു. അന്താരാഷ്ട്ര ബന്ധമുള്ള കേസ് വൈകാതെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തേക്കും. പ്രതിയുടെ വിവരങ്ങൾ വിവിധ കേന്ദ്ര ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.
പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിയാണെന്നും ഇവിടുത്തെ സുഹൃത്താണ് കള്ളനോട്ടുകൾ നൽകിയതെന്നുമായിരുന്നു സലീമിന്റെ ആദ്യ മൊഴി. സംശയത്തെ തുടർന്ന് പ്രതിയുടെ പാസ്പോർട്ടും മറ്റു രേഖകളും കേസ് അന്വേഷിക്കുന്ന പെരുമ്പാവൂർ പൊലീസ് ബംഗ്ലാദേശ് എംബസിക്ക് കൈമാറി. തുടർന്നുള്ള പരിശോധനയിൽ ഇയാൾ ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശിയാണെന്ന് വിവരം ലഭിച്ചു. റിപ്പോർട്ട് നിരത്തി ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർ പി.എം. റാസിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വ്യാജരേഖയിൽ എത്തിയിട്ട് 18 വർഷം
വ്യാജരേഖ ഉപയോഗിച്ച് 18 വർഷം മുമ്പാണ് സലീം ഇന്ത്യയിലേക്ക് കടന്നത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചു. പിന്നീട് കേരളത്തിലെത്തി മോഷണവുമായി കൂടി. ഏതാനും വർഷം മുമ്പ് സലീം മാതാവ് റൊജീനയെ (53) പെരുമ്പാവൂരിലെത്തിച്ചു. ഇവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ രേഖകളും വ്യാജമാണ്. ബംഗാളിൽ നിന്നാണ് ഇയാൾ ഇന്ത്യൻ പാസ്പോർട്ടും ആധാർ കാർഡും എടുത്തത്. പാസ്പോർട്ടിൽ ബംഗ്ലാദേശ് വിസ പതിപ്പിച്ചിരുന്നു. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ ഇത് ഉപയോഗിച്ചാണ് ബംഗ്ലാദേശിൽ പോയി വന്നിരുന്നത്.
മോഷണം വഴിത്തിരിവായി
ഒരാഴ്ച മുമ്പ് മാവേലി എക്‌സ്പ്രസിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ആലപ്പുഴ റെയിൽവേ പൊലീസാണ് പെരുമ്പാവൂരിലെ വാടകവീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് 500 രൂപയുടെ 17 കള്ളനോട്ടുകൾ കണ്ടെത്തി.
2017ൽ സലീം പീഡനക്കേസിലും പിടിയിലായി. ജ്യാമത്തിലിറങ്ങി കേസ് ഒത്തുതീർത്തു. പെരുമ്പാവൂർ ഭാഗത്ത് വിവിധ കേസുകളിൽ പിടിയിലാകുന്ന അന്യസംസ്ഥാനത്തൊഴിലാളികളെ ഇയാൾ ജാമ്യത്തിലെടുത്തിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്.
മോഷണവസ്തുക്കൾക്ക് കള്ളനോട്ട് പ്രതിഫലം
ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് ലൊക്കേഷൻ കണ്ടു പിടിക്കാതിരിക്കാൻ മോഷ്ടിക്കുന്ന മൊബൈലടക്കുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ബംഗ്ലാദേശിൽ എത്തിച്ചാണ് വിറ്റിരുന്നത്. ഒരു മൊബൈൽ ഫോണിന് 40,000 രുപയുടെ കള്ളനോട്ടാണ് ഇയാൾക്ക് ലഭിച്ചിരുന്നത്. ലക്ഷങ്ങൾ ഇയാൾ കേരളത്തിലെത്തിച്ച് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. അമ്പതോളം ഫോണുകൾ ഒരുമിച്ചാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |