ആറ്റിങ്ങൽ: മാമത്തെ ബാർ ഹോട്ടലിൽ നിന്ന് യുവാവിനെ കടത്തിക്കൊണ്ടുപോയി പണവും സ്വർണവും മൊബൈലും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിലായി. കഠിനംകുളം ചാന്നാങ്കര ഫാത്തിമ ആഡിറ്റോറിയത്തിനു സമീപം തോപ്പിൽ വീട്ടിൽ ഫവാസ് (36) , കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ മണക്കാട്ടുവിളാകം വീട്ടിൽ ചന്ദ്രബാബു, ( 66) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
25 ന് ബാറിൽ മദ്യപിച്ച് ബോധരഹിതനായ അവനവഞ്ചേരി സ്വദേശി രാജൻ എന്നയാളെ വീട്ടിൽ കൊണ്ടാക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റി ചിറയിൻകീഴ് ചിലമ്പിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടിട്ട് കൈവിരലുകൾ ഒടിച്ച ശേഷം ബ്രേസ് ലെറ്റ്, മോതിരം, മൊബൈൽ ഫോൺ, 4000 രൂപ എന്നിവ തട്ടിയെടുത്തു. തുടർന്ന് കൈകൾ കെട്ടിയിട്ട ശേഷം അക്രമികൾ കടന്നു കളയുകയായിരുന്നു. പഞ്ചായത്ത് അംഗമാണ് രാജനെ രക്ഷപ്പെടുത്തിയത്. മാമത്തെ ബാറിലും പരിസര പ്രദേശങ്ങളിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് രാജനെ തട്ടിക്കൊണ്ടുപോയ ബൈക്കിന്റെ നമ്പർ കണ്ടെത്തി കൊടുംകുറ്റവാളികളായ ഫവാസിനെയും ചന്ദ്രബാബുവിനെയും തിരിച്ചറിയുകയായിരുന്നു. പ്രതികൾ സ്വർണ്ണാഭരണങ്ങളുമായി ബീമാപള്ളിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ ഗോപകുമാർ. ജി, എസ്.ഐ മാരായ ജിഷ്ണു എം.എസ്, രാധാകൃഷ്ണൻ പി, എ.എസ്.ഐ മാരായ ഉണ്ണിരാജ്, ശരത് കുമാർ, എസ്.സി. പി. ഒ മാരായ നിധിൻ, അനിൽകുമാർ എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |