ഒപ്പമില്ലാത്ത വ്യക്തിയെക്കുറിച്ച് സംഘമായോ അല്ലെങ്കിൽ രണ്ട് പേരോ കുറ്റം പറയുന്നതാണ് പരദൂഷണം. ഇത് പറയാത്തവർ കുറവാണ്. പ്രായഭേദമന്യേ എല്ലാവരും പരദൂഷണത്തിൽ അറിഞ്ഞോ അറിയാതെയോ പങ്കാളികളാകാറുണ്ട്. താൻ പരദൂഷണം പറയാറുണ്ടെന്ന് ആരും തുറന്നുപറയാൻ തയ്യാറല്ല. കാരണം പരദൂഷണം വളരെ മോശം സ്വഭാവമാണ്. പരദൂഷണം പറയുന്നത് സാമൂഹിക ജീവിതത്തെ ഇല്ലാതാക്കുമെന്നും തിൻമയാണെന്നുമാണ് മാർപാപ്പ വരെ വിശ്വാസികളോട് പറഞ്ഞിട്ടുണ്ട്.ദൃഢമായ മാനുഷിക ബന്ധങ്ങളെ പോലും തകർക്കാനുളള ശേഷി പരദൂഷണങ്ങൾക്കുണ്ട്.
എന്നാൽ പരദൂഷണം പറയുന്നതിന് അനവധി ഗുണങ്ങൾ ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. പരദൂഷണം പറയുന്നത്, അറിവ് പകരുന്നതിനും ബന്ധങ്ങളുടെ ആഴം വർദ്ധിപ്പിക്കുന്നതിനും ഗുണം ചെയ്യുമെന്നാണ് മുംബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനഃശാസ്ത്രജ്ഞൻ അബ്സി സാം പറയുന്നത്.
പരദൂഷണം വസ്തുതാപരമോ അല്ലാത്തതോ ആയിരിക്കാം. ഇത് ചെയ്യുന്നതിലൂടെ ഒരു വ്യക്തിയോടുളള നിരാശകളും വികാരങ്ങളും പ്രകടിപ്പിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിലൂടെ ആ വ്യക്തിയോടുളള മാനസിക സമ്മർദ്ദം ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കും. കൂടാതെ മറ്റുളളവരെക്കുറിച്ചുളള അഭിപ്രായങ്ങൾ സുഹൃത്തുക്കളോട് പറയുന്നത് അടുപ്പം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഒരു വ്യക്തിയുമായുളള അടുപ്പം നിലനിർത്താൻ പരദൂഷണം സഹായിക്കും. മൂന്നോ അതിൽ അധികം ആളുകൾ ഒരുമിച്ച് ചേരുമ്പോഴാണ് പരദൂഷണങ്ങൾ പങ്കുവയ്ക്കാറുളളത്. നിരന്തരമായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് സംഘത്തിലുളളവരുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത്തരത്തിൽ ലഭിക്കുന്ന സന്തോഷം മാനസികാരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും മെച്ചപ്പെടുത്തുകയും ചെയ്യും.
ഒരു വ്യക്തിയുടെ സ്വഭാവത്തിലോ കുടുംബത്തിലോ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരദൂഷണമായി ആളുകൾ പറയുമ്പോൾ സാമൂഹിക അവസ്ഥയെക്കുറിച്ചുളള പൊതുബോധം ഉണ്ടാകാൻ സഹായിക്കുമെന്നതാണ് മറ്റൊരു വശം.കൂടുതലും ഒരു വ്യക്തി തന്നെ വ്യക്തിപരമായി സ്വാധീനിച്ചേക്കാവുന്ന വിവരങ്ങൾ പരദൂഷണങ്ങൾ കേൾക്കുന്നതിലൂടെ മനസിലാക്കുന്നത് സഹായകരമാകും. ജോലി സ്ഥലത്ത് പരദൂഷണങ്ങൾ പറയുന്നതിനും അനവധി ഗുണങ്ങൾ ഉണ്ട്. ഇത് സഹപ്രവർത്തകർ തമ്മിലുളള അടുപ്പം വർദ്ധിപ്പിക്കാൻ സഹായിക്കും. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും മറ്റൊരാൾക്ക് ദോഷമല്ലാത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരദൂഷണമാണ് പൊതുവേ പ്രോത്സിഹിക്കപ്പെടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മറ്റ് ഗുണങ്ങൾ
1. സഹാനുഭൂതി
പരസ്പരം കുറ്റം പറയുന്നത് മാത്രമല്ല പരദൂഷണം. ഒരു കൂട്ടത്തിൽ ഇല്ലാത്ത വ്യക്തിയുടെ അവസ്ഥയെക്കുറിച്ച് പങ്കുവയ്ക്കുന്നത് സഹാനുഭൂതി ഉണ്ടാക്കാൻ സഹായിക്കുന്നു. ഇതിലൂടെ ആ വ്യക്തിയുടെ മോശം അവസ്ഥ മറികടക്കാൻ പരദൂഷണം പറഞ്ഞ സംഘത്തിലുളളവർക്ക് സഹായിക്കാൻ കഴിയും. ഇതിലൂടെ മാനുഷിക ബന്ധം ദൃഢമാക്കാൻ സഹായിക്കും.
2. പ്രശ്നപരിഹാരം
ഒരു വ്യക്തി തന്റെ ദയനീയ അവസ്ഥയെക്കുറിച്ച് ഒരു സുഹൃത്തിനോടോ ഏറെ അടുപ്പമുളള വ്യക്തിയോടോ പങ്കുവയ്ക്കുമ്പോൾ പരിഹാരത്തിനുളള സാദ്ധ്യതയും തെളിയുമെന്നതാണ് പഠനങ്ങളിൽ പറയുന്നത്. നിരന്തരമായി പരദൂഷണം പറഞ്ഞിരുന്ന ഒരു വ്യക്തിയോടാണ് നിങ്ങൾ പ്രശ്നങ്ങൾ തുറന്നുപറഞ്ഞതെങ്കിൽ അടുപ്പം കൊണ്ട് ആ വ്യക്തി പരിഹാരവും നിർദ്ദേശിക്കും. പരദൂഷണത്തിലൂടെയുണ്ടാകുന്ന ബന്ധം വളരം വലുതാണെന്നാണ് പറയുന്നത്.
3. സമ്മർദ്ദം കുറയ്ക്കാം
നമ്മൾ കേട്ടതോ അറിഞ്ഞതോ ഉളള കാര്യങ്ങൾ ആരോടും തുറന്നുപറയാതിരുന്നാൽ ഒരുപാട് മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വന്നേക്കാം. എന്നാൽ മനസിൽ ഒതുക്കി വച്ചിരിക്കുന്ന കാര്യങ്ങൾ മറ്റൊരു വ്യക്തിയോട് തുറന്നുപറഞ്ഞാൽ സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും.
പ്രശ്നങ്ങളുമുണ്ട്
പരദൂഷണം പറയുന്നതിന് ഒരുപാട് ദോഷഫലങ്ങളുമുണ്ട്. നിങ്ങൾ കൂട്ടമായോ അല്ലാതെയോ പരദൂഷണം പറയുന്നതിലൂട പല രഹസ്യങ്ങളും പുറത്താകുന്നുണ്ട്. ഇതൊരു സ്വഭാവ വൈകല്യമാണെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു. ഒരാളെക്കുറിച്ചുളള രഹസ്യം മറ്റുളളവരോട് പരദൂഷണമായി പറയുന്നതിലൂടെ വിശ്വാസമാണ് നഷ്ടപ്പെടുന്നത്. സ്വകാര്യതയിലേക്കുളള കൈക്കടത്തലായും പരദൂഷണം ചില സന്ദർഭങ്ങളിൽ മാറാറുണ്ട്. ഒരു വ്യക്തിയെക്കുറിച്ചുളള മോശം കാര്യങ്ങൾ കേൾക്കുന്നതും സംസാരിക്കുന്നതും മനസ് മുഴുവൻ നെഗറ്റീവ് എനർജി നിറയ്ക്കുമെന്നാണ് പറയുന്നത്.നിരന്തരം പരദൂഷണം പറയുന്നത് സൗഹൃദ ബന്ധങ്ങളിലോ കുടുംബബന്ധങ്ങളിലോ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നത് മറ്റൊരു ഘടകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |