മലയാളത്തിൽ ഒട്ടനവധി സിനിമകൾ സമ്മാനിച്ച നിർമാതാവാണ് നടനും കൂടിയായ പ്രേംപ്രകാശ്. അശോകനും റഹ്മാനും ഉൾപ്പെടയുളള പല മുതിർന്ന നടൻമാരും പ്രേംപ്രകാശിന്റെ ചിത്രങ്ങളിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ സിനിമയിൽ നിന്നും പ്രേംപ്രകാശിന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്.
'താൻ നിർമിച്ച സിനിമകളിലൂടെ അദ്ദേഹം മലയാളത്തിന് മൂന്ന് വലിയ നടൻമാരെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. അശോകൻ,റഹ്മാൻ, ബിജു മോനോൻ എന്നിവർ പ്രേംപ്രകാശിന്റെ സിനിമകളിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കൂടെവിടെ എന്ന ചിത്രത്തിലൂടെ സുഹാസിനിയെ പരിചയപ്പെടുത്തി കൊടുത്തതും അദ്ദേഹമാണ്. പ്രേംപ്രകാശിന്റെ സിനിമാജീവിതത്തിൽ വിഷമിപ്പിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഈ കൈകളിൽ എന്ന ചിത്രത്തിന്റെ നിർമാണവേളയിൽ മദ്രാസിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ സംവിധായകൻ കെ മധുവുമായി സംസാരിച്ച് നിൽക്കുമ്പോൾ അദ്ദേഹത്തിന് വയറ്റിലേക്ക് വെടിയുണ്ടയേറ്റത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സിനിമയുടെ നിർമാതാക്കൾ ആരുടെയോ തോക്ക് വാങ്ങി നോക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായത്. ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും ചെയ്തു. തമിഴ്നാട്ടിൽ അദ്ദേഹം മരിച്ചെന്ന തരത്തിലുളള വാർത്തകളാണ് പുറത്തുവന്നത്.
കെ കെ രാജീവ് സംവിധാനം ചെയ്ത ചിത്രമാണ് എവിടെ. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കുന്ന ദിവസം രണ്ട് സീനുകൾ കൂടി എടുക്കാനുണ്ടായിരുന്നു. അതിന് എല്ലാവരും തയ്യാറാകുകയായിരുന്നു. സുരാജ് വെഞ്ഞാറമൂടും ഒരു പ്രശസ്ത നടിയുമായിട്ടുളള സീനാണ് എടുക്കേണ്ടത്.സുരാജ് ലൊക്കേഷനിൽ എത്താൻ വൈകി. ആരും വന്നാലും വന്നില്ലെങ്കിലും കൃത്യസമയത്ത് പോകുമെന്ന് നടിയും പറഞ്ഞു. ഉച്ചയോടെ സുരാജ് എത്തി. ഷൂട്ടിംഗ് നടന്നു. വൈകുന്നേരം ആയപ്പോഴേയ്ക്കും രണ്ട് ഷോട്ടുകൾ കൂടി എടുക്കണമായിരുന്നു. ആ സമയത്ത് ഉടൻ പോകണമെന്ന് ദേഷ്യപ്പെട്ട് നടി കാരവാനിൽ കയറി ഇരുന്നു.
പ്രേംപ്രകാശ് നടിയോട് സഹകരിക്കണമെന്നും ഷോട്ടിൽ അഭിനയിക്കാൻ വരണമെന്നും അഭ്യർത്ഥിച്ചു. ആ നടി പ്രേംപ്രകാശിനോടും ദേഷ്യപ്പെട്ടു. ഒടുവിൽ നടിയില്ലാതെ അവസാന സീൻ എടുക്കേണ്ടി വന്നു. സീൻ എടുത്ത് കഴിഞ്ഞിട്ടും നടി ക്യാരവാനിൽ തന്നെ ഇരിക്കുകയായിരുന്നു. ആ നടിക്ക് സിനിമയിൽ അവസരം നൽകിയതും പ്രേംപ്രകാശായിരുന്നു. ഇത് തന്നെ വല്ലാതെ വിഷമത്തിലാക്കിയെന്ന് പ്രേംപ്രകാശ് മുൻപ് പറഞ്ഞിട്ടുണ്ട്. ആ നടിയുടെ പേര് പുറത്തു പറയരുതെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. ഈ നടിയും മറ്റ് കലാകാരുമായി സ്റ്റേജ് ഷോകൾ നടത്താറുണ്ട്.അത്തരത്തിലുളള നന്ദികേടാണ് അവർ കാണിച്ചത്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |