തിരുവനന്തപുരം: നമ്മുടെ നാട്ടിലെ റോഡുകളെ കുറിച്ച് പൊതുവേ ആളുകള്‍ക്ക് ഒരു സങ്കല്‍പ്പമുണ്ട്. ടാര്‍ ചെയ്താലും ഒരു നല്ല മഴയില്‍ കേട് പാട് വരുന്നത്, കുണ്ടും കുഴിയും നിറഞ്ഞ് ചെളിവെള്ളം തളം കെട്ടികിടക്കുന്ന, അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്ന വൃത്തിയും വെടിപ്പുമില്ലാത്തതായിരിക്കും ആ സങ്കല്‍പ്പം. നല്ല റോഡ് കാണണമെങ്കില്‍ കേരളം വിട്ട് പോകണം. ഇനി കേരളത്തില്‍ തന്നെ അത്യാവശ്യം നല്ല റോഡ് കാണണമെങ്കില്‍ ബൈപ്പാസില്‍ പ്രവേശിക്കണം.
നമ്മുടെ നാട്ടിലെ നഗരങ്ങളിലെ റോഡുകളെ കുറിച്ച് മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പോയിട്ടുള്ളവര്‍ ചോദിക്കുന്ന ഒരു പതിവ് ചോദ്യമാണ് ഇവിടുത്തെ റോഡൊക്കെ റോഡാണോ? എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെയെല്ലാം കാറ്റില്‍പ്പറത്തുന്ന, ഇത് കേരളം തന്നെയാണോ എന്ന് തോന്നിക്കുന്ന ഒരു റോഡിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചാ വിഷയം. ഒറ്റക്കാഴ്ചയില്‍ യൂറോപ്പിലേയും ഗള്‍ഫിലേയും റോഡുകളെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ റോഡ്.
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലാണ് ഈ സ്മാര്‍ട് റോഡുകള്‍ സ്ഥിതി ചെയ്യുന്നത്. നാല് വരി പാതയില്‍ നിര്‍മ്മിച്ചിരിക്കുന്ന റോഡില്‍ നമ്മുടെ നഗരങ്ങളിലെ പതിവ് കാഴ്ചയായ തലയ്ക്ക് മുകളിലെ കേബിളുകള്‍ കാണാന്‍ കഴിയില്ല. നല്ല എല്‍ഇഡി വഴിവിളക്കുകളും മീഡിയന് ഡിവൈഡറുകളും കൃത്യമായ സൈന്‍ബോര്‍ഡുകളും ഈ റോഡില്‍ കാണാന്‍ കഴിയും. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നത്.
സംസ്ഥാനത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മികച്ച റോഡുകളുള്ള നഗരമെന്ന പേര് തലസ്ഥാനത്തിനുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി ഈ പേര് നഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ സ്മാര്‍ട് റോഡുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പഴയ പേര് തിരിച്ചുപിടിക്കുകയാണ് നഗരം. തിരുവനന്തപുരത്തെ വെള്ളയമ്പലം - വഴുതക്കാട് - തമ്പാനൂര്‍ റീച്ചിലെ റോഡാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |