കൊച്ചി: കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മൂവാറ്റുപുഴ സ്വദേശി രാഘുൽ രതീഷൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കുവൈറ്റിലെ ഗൾഫ് ബാങ്കിൽ നിന്നും പ്രതികൾ ഒരു കോടിയിലധികം രൂപ വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ വഞ്ചിച്ചു എന്നാണ് കേസ്. കേരളത്തിൽ നിന്നുള്ള 1300ഓളംപേർ ബാങ്കിനെ വഞ്ചിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 700 കോടി രൂപ തട്ടിയെന്നായിരുന്നു പരാതി.
മലയാളി നഴ്‌സുമാരടക്കമുള്ളവരാണ് വായ്‌പ എടുത്ത് തിരിച്ചടയ്‌ക്കാതെ മുങ്ങിയതെന്നായിരുന്നു ആരോപണം. ജോലി ചെയ്യുന്ന സമയത്ത് വൻതുക ലോണെടുത്ത ശേഷം ലീവെടുത്ത് നാട്ടിലേക്കും കാനഡ, യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറിപ്പാർത്ത ശേഷം ലോൺ തിരിച്ചടവ് മുടക്കുന്നുവെന്നായിരുന്നു പരാതി. തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മലയാളി നഴ്‌സുമാർ ഉൾപ്പെടെ നടത്തിയ തട്ടിപ്പ് വ്യക്തമായത്. കുവൈറ്റ് മിനിസ്‌ട്രി നഴ്‌സുമാരായി ജോലി ചെയ്‌ത 800പേരാണ് വായ്‌പാ തട്ടിപ്പ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |