ആലപ്പുഴ: കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസുകാരി മരിച്ച സംഭവത്തിൽ വിശദീകരണവുമായി അധികൃതർ. എബ്‌നെസർ ആശുപത്രി അധികൃതരാണ് ചേരാവളളി സ്വദേശി ആദി ലക്ഷ്മി മരിച്ചതിൽ വിശദീകരണം നൽകിയിരിക്കുന്നത്. ഹൃദയ സ്തംഭനം മൂലമാണ് കുട്ടി മരിച്ചതെന്നാണ് അധികൃതർ പറയുന്നത്. ഇന്ന് പുലർച്ചയോടെയാണ് ആദി ലക്ഷ്മി മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദി ലക്ഷ്മി പലതവണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.
ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിന്റെയും ശരണ്യയുടെയും മകളാണ് ആദി ലക്ഷ്മി. പനിയും വയറുവേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിംഗിലും മറ്റു പരിശോധനകളിലും ആദി ലക്ഷ്മിക്ക് കുഴപ്പങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്ന് രാവിലെ കുട്ടിക്ക് കുത്തിവയ്പ് എടുത്തിരുന്നു. ഇതോടെ ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
ഇതോടെയാണ് ബന്ധുക്കൾ ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയത്. അധികൃതരോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനൽ തല്ലിത്തകർക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തിൽ കുടുംബം ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗവ. എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദി ലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |