മൂന്നാർ, കോവളം, വർക്കല, വയനാട് എന്നിങ്ങനെ കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകത്തെവിടെയുമിരുന്ന് വെർച്വലായി അറിഞ്ഞ ശേഷമാവാം ഇനിയുള്ള യാത്രകൾ. അതായത് ചോദിച്ചു ചോദിച്ചല്ല, ഇനിയെല്ലാം കണ്ടറിഞ്ഞാവാം യാത്ര. യാത്രയ്ക്ക് മുൻപ് പോവുന്ന സ്ഥലത്തിന്റെ ഡിജിറ്റൽ പ്രിവ്യൂ കൺമുന്നിൽ. അവിടത്തെ ഭക്ഷണവും സംസ്കാരവും പ്രകൃതിഭംഗിയുമെല്ലാം കണ്ടറിയാം. ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ട്രാവൽ ഗൈഡ് തയ്യാറാക്കിയ തിരുവനന്തപുരം ടെക്നോപാർക്കിലെ ലൂംഎക്സ്.ആർ സ്റ്റാർട്ടപ്പിന് കേന്ദ്രസർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
മുംബയിൽ മേയ് ഒന്നുമുതൽ നാലുവരെ നടക്കുന്ന ആഗോള ദൃശ്യ, ശ്രവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ് ഉച്ചകോടി) ഭാഗമായി നടത്തിയ എക്സ്.ആർ ക്രിയേറ്റർ ഹാക്കത്തോണിലാണ് തലസ്ഥാനത്തെ കമ്പനി അഞ്ചുലക്ഷം രൂപയുടെ പുരസ്കാരം നേടിയത്. കൂടുതൽ നിക്ഷേപ അവസരങ്ങളും ആഗോള തലത്തിൽ എക്സ്.ആർ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും ലഭിക്കും. യാത്ര പോവേണ്ട സ്ഥലങ്ങളും താമസസ്ഥലങ്ങളുമടക്കം മുൻകൂട്ടി വെർച്വലായി കാണാനാവുന്ന സാങ്കേതികവിദ്യയാണിത്. കേരളാ ടൂറിസത്തിനടക്കം ഉപയോഗപ്രദമാണിത്. ടൂറിസം കേന്ദ്രങ്ങൾ വെർച്വലായി കണ്ട് യാത്ര പ്ലാൻചെയ്യാനും ഇത് അവസരമൊരുക്കും. കോവളം, മൂന്നാർ, വർക്കല അടക്കം ഏത് ടൂറിസം കേന്ദ്രത്തെയും ലോകത്തെവിടെയുമിരുന്ന് വെർച്വലായി കാണാം. യാത്രകൾക്ക് ഇതനുസരിച്ചുള്ള തയ്യാറെടുപ്പ് നടത്താം. ടൂറിസ്റ്റുകൾക്ക് മാത്രമല്ല, ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, ടൂറിസം കോർപറേഷനുകൾ, മാർക്കറ്റിംഗ് കമ്പനികൾ എന്നിവയ്ക്കെല്ലാം ഉപയോഗിക്കാനാവും.
ലൂം എക്സ്.ആറിലെ സാവിയോ മനീഫർ (ലീഡ് യൂണിറ്റി ഡെവലപ്പർ), അവിനാഷ് അശോക് (സ്പേഷ്യൽ ഡിസൈനർ), മിഥുൻ സജീവൻ (യൂണിറ്റി ഡെവലപ്പർ), വിഷ്ണു വി.എസ് (3ഡി ജനറലിസ്റ്റ്) എന്നിവരാണ് ട്രാവൽ ഗൈഡിന് പിന്നിൽ. പനോരമിക് വ്യൂ, ഫോട്ടോ റിയലിസ്റ്റിക് 3ഡി സ്കാൻ, 3ഡി ഇന്ററാക്ടീവ് ടെറൈൻ, ഫോട്ടോഗ്രാമെട്രി എന്നിവ ഇതിന്റെ സവിശേഷകതളാണ്. ഇന്ത്യൻ വിനോദസഞ്ചാര മേഖലയെ ആഗോള വേദിയിൽ അവതരിപ്പിക്കുന്നതിനും ലോക സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇത്തരം നൂതന സംരംഭങ്ങൾ ഏറെ പ്രയോജനകരമാണ്. 2200കമ്പനികളാണ് മത്സരത്തിൽ പങ്കെടുത്തത്. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ടൂറിസം കേന്ദ്രങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണിതിന് പിന്നിലെന്ന് സാവിയോ മനീഫർ പറഞ്ഞു.
വിസ്‌മയമാവാൻ വേവ്സ്
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ വേവ്സ് വിസ്‌മയങ്ങളുടെ വാതിൽ തുറക്കുന്നതായിരിക്കും. ആഗോള മാദ്ധ്യമ, വിനോദ മേഖലയിൽ ലോകനേതൃതത്തിലേക്ക് മുന്നേറുകയാണ് ഇന്ത്യ. വേവ്സ് ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ കഴിവുകളും ശേഷിയുമുപയോഗിച്ച് മാദ്ധ്യമ, വിനോദ വ്യവസായത്തിലെ സാദ്ധ്യതകൾ പ്രദർശിപ്പിക്കപ്പെടും. ലോകരാജ്യങ്ങളുമായുള്ള സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കും. ഇതിനായി ഗ്ലോബൽ മീഡിയ ചർച്ചകൾ നടത്തും. ആഗോള മാദ്ധ്യമ, വിനോദ മേഖലയിൽ വേൾഡ് എന്റർടൈൻമെന്റ് ഫോറം പോലുള്ള ഒരു പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |